കെ റെയില്‍ ഡിപിആർ : കണക്കുകള്‍ കുറച്ച് കാണിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Jaihind Webdesk
Wednesday, February 2, 2022

തിരുവനന്തപുരം : സില്‍വര്‍ലൈനിന്‍റെ നിര്‍മാണച്ചെലവ് കുറച്ചുകാണിച്ച് ഡിപിആര്‍ തയാറാക്കിയെന്ന ആരോപണത്തിന് ശക്തി പകരുന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നു. റെയില്‍പാതയ്ക്ക് ആവശ്യമായ കട്ട് ആന്‍ഡ് കവര്‍ ടണലുകള്‍ക്ക് സാധ്യതാപഠനത്തിലുള്ളതിനേക്കാള്‍ ചെലവു കുറച്ചാണ് ഡിപിആറില്‍ കാണിച്ചിരിക്കുന്നത്. പാത പോകുന്ന മൺതിട്ടകളുടെ നിര്‍മാണചെലവ് 65 ശതമാനം വരെയും കുറച്ചു കാണിച്ചെന്നും പഠനത്തിലുണ്ട്.

2019ലെ സില്‍വര്‍ലൈനിന്‍റെ ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍മാണച്ചെലവ് വലിയതോതില്‍ 2020ലെ ഡിപിആറില്‍ കുറച്ചുകാണിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകളാണു പുറത്തുവന്നത്. സി.ജയരാമന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നീ എന്‍ജിനീയര്‍മാരാണ് ഫീസിബിലിറ്റി റിപ്പോര്‍ട്ടും ഡിപിആറും തമ്മിലുള്ള താരതമ്യപഠനം നടത്തി കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

ഉദാഹരണമായി 20 മീറ്റര്‍വരെ താഴ്ചയുള്ളതും സാധാരണമോ ദുര്‍ബലമോ ആയ ഭൂമിയില്‍ പണിയുന്നതുമായ കട്ട് ആന്‍ഡ് കവര്‍ ടണലിന് കിലോമീറ്ററിന് 127.72 കോടി രൂപയാണ് നിര്‍മാണചെലവായി 2019ലെ ഫീസിബിലിറ്റി റിപ്പോര്‍ട്ടിലുള്ളത്. 2020ലെ ഡിപിആറിലാകട്ടെ ഇത് 33.3 കോടിയായി കുറച്ചിരിക്കുന്നു. നിര്‍മാണച്ചെലവിൽ കുറച്ചിരിക്കുന്നത് 74 ശതമാനം. മറ്റൊരു ഉദാഹരണമാണു റെയില്‍ലൈന്‍ സ്ഥാപിക്കാന്‍വേണ്ടി പണിതുയര്‍ത്തേണ്ട മണ്‍തിട്ടകളുടെ നിര്‍മാണച്ചെലവിലെ വ്യത്യാസം.

ഉറപ്പുള്ള ഭൂമിയില്‍ 2.5 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കേണ്ട തിട്ടകളുടെ ഒാരോ കിലോമീറ്ററിനും 15.61 കോടി രൂപയാണ് ചെലവു വരികയെന്ന് 2019 ലെ ഫീസിബിലിറ്റി റിപ്പോര്‍ട്ട് പറയുന്നു. 2020ലെ ഡിപിആറില്‍ ഇത് 5.4 കോടിയായി കുറച്ചു. ഇത്തരത്തില്‍ ചെലവ് ഗണ്യമായി കുറച്ചുകാണിച്ചിട്ടുള്ള 24 നിര്‍മാണ ജോലികളുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഡിപിആറിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.