കെ മുരളീധരൻ എംപിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

Jaihind News Bureau
Saturday, July 25, 2020

കെ മുരളീധരൻ എംപിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. പിസിആർ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു പരിശോധന. ഈ മാസം 8 ന് കെ മുരളീധരൻ പങ്കെടുത്ത വിവാഹത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം എംപി കൊവിഡ് പരിശോധന നടത്തുകയായിരുന്നു.

വടകര ചെക്ക്യാട്ടെ ഒരു വിവാഹത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ വ്യാപക വിമർശനമാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നും കെ മുരളീധരൻ എംപിക്കെതിരെ ഉയർന്നത്. വിവാഹത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇതേതുടർന്നു ജില്ലാ കളക്ടർ സാംബശിവറാവു കൊവിഡ് പരിശോധന നടത്താൻ എംപിയോട് നിർദേശിച്ചു. തുടർന്ന് തലശ്ശേരി സർക്കാർ ആശുപത്രിയിൽ
പി സി ആർ പരിശോധന നടത്തി. ഇന്ന് ഉച്ചയോടെയാണ് ഫലം വന്നത് – കൊവിഡ് നെഗറ്റീവ്. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.

നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി കെ മുരളീധരൻ എംപി വ്യക്തമാക്കി.

#കോവിഡ് ടെസ്റ്റ് റിസൾട്ട് #നെഗറ്റീവ് ആണ്.
തലശ്ശേരി ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ശ്രീ.പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.
#നുണപ്രചരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു…

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ കെ.മുരളീധരന്‍ എംപിയ്ക്കെതിരെ രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ഉപയോഗിക്കുകയായിരുന്നു. എന്നാൽ, ഈ മാസം 8 ന് നടന്ന വിവാഹത്തിന്‍റെ തലേദിവസം നടന്ന ചടങ്ങിലാണ് എംപി പങ്കെടുത്തത്.

വിവാഹത്തിന് വന്ന ആളില്‍ നിന്ന് രോഗം പകർന്ന വ്യക്തിയുടെ വിവാഹത്തലേന്നുള്ള ചടങ്ങിലാണ് പങ്കെടുത്തിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ എംപി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ താൻ സ്വയം നീരീക്ഷണത്തിൽ പോയേനെ എന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, രാഷ്ട്രീയ ക്വാറന്‍റൈൻ വിധിച്ച് നിശ്ശബ്ദനാക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും രാഷ്ട്രീയം പറയുമ്പോൾ തിരിച്ചു വ്യക്തിപരമായി തേജോവധം ചെയ്യുന്നത് തരംതാണ നടപടിയാണെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.