തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം കെ.ജയകുമാറിന്

Jaihind News Bureau
Friday, March 21, 2025

ആദര്‍ശ രാഷ്ട്രീയ ജീവിതത്തിന്റെ പ്രതീകമായിരുന്ന തലേക്കുന്നില്‍ ബഷീറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രശസ്ത കവി കെ.ജയകുമാര്‍ അര്‍ഹനായി. ഡോ.ജോര്‍ജ്ജ് ഓണക്കൂറും എസ്.മഹാദേവന്‍ തമ്പിയും ഡോ.എം.ആര്‍.തമ്പാനും അംഗങ്ങളായുള്ള അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് കെ.ജയകുമാറിനെ തെരഞ്ഞെടുത്തത്. കവി, ഗാനരചയിതാവ്, പരിഭാഷകന്‍, പ്രബന്ധകാരന്‍, ചിത്രകാരന്‍ എന്നീ മേഖലകളിലെ രചനകളിലൂടെ അദ്ദേഹം മലയാളത്തിന് നല്‍കിയ മൂല്യവത്തായ സംഭാവനകള്‍ പരിഗണിച്ചാണ് മൂന്നാമത് തലേക്കുന്നില്‍ പുരസ്‌കാരം കെ.ജയകുമാറിന് നല്‍കുന്നതെന്ന് അവാര്‍ഡ് നിര്‍ണ്ണയസമിതി ചെയര്‍മാന്‍ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.

മാര്‍ച്ച് 25ന് ചേരുന്ന അനുസ്മരണ യോഗത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പുരസ്‌കാരം സമ്മാനിക്കും. കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പാലോട് രവി അദ്ധ്യക്ഷം വഹിക്കും. അരലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമടങ്ങിയതാണ് അവാര്‍ഡ്. ഡോ.കെ.ഓമനക്കുട്ടി, സൂര്യകൃഷ്ണമൂര്‍ത്തി, കാവാലം ശ്രീകുമാര്‍, ഡോ.സഹദുള്ള എന്നിവരെയും ചടങ്ങില്‍ ആദരിക്കും. വി.എം.സുധീരന്‍, എം.എം.ഹസ്സന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.