
കര്‍ണ്ണാടകയിലെ ബസവണ്ണയ്ക്ക് തുല്യനായ മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. മംഗളൂരുവില്‍ ശ്രീനാരായണ ഗുരു-ഗാന്ധി സംവാദ ശതാബ്ദി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി – ഗുരു സംവാദം ഇന്ത്യ ചരിത്രത്തിലെ പ്രധാന സംഭവമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ് ഗാന്ധിജിയും ഗുരുവും തമ്മില്‍ നടന്ന സംവാദം എന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ‘സാമൂഹ്യനീതി ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ഗാന്ധിജിയും ഗുരുവും പരസ്പരം ചര്‍ച്ച ചെയ്തു. ഗുരുദേവനും മഹാത്മാഗാന്ധിയും ഒരുപോലെ സാമൂഹ്യനീതിക്കായി നിലകൊണ്ടു, അയിത്തത്തിന് എതിരായി ഒരുപോലെ ചിന്തിച്ചു. സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് പകരുന്നതിന് ഇരുവരുടെയും സംവാദം കാരണമായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യനീതിക്കായി ശിവഗിരി മഠം നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, ഭാരത് ജോഡോ യാത്രയുടെ വേളയില്‍ രാഹുല്‍ ഗാന്ധി, ഗാന്ധിജിയുടെയും ബസവണ്ണയുടെയും ശ്രീനാരായണ ഗുരുവിന്റെയും ദര്‍ശനങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ കാലഘട്ടത്തിന്റെ ആവശ്യം സ്‌നേഹത്തിന്റെ വാതില്‍ തുറക്കുകയും വിദ്വേഷത്തിന്റെ വാതില്‍ അടയ്ക്കുകയുമാണ്. നാരായണ ഗുരുവിന്റെ ദര്‍ശനത്തിനും ഗാന്ധിയന്‍ ആദര്‍ശത്തിനും ഈ കാലഘട്ടത്തില്‍ പ്രസക്തിയേറുന്നു എന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.