രാജ്യം കണ്ട വലിയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ട് അഴിമതി; കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഇഡിയെ കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍

ആലപ്പുഴ: രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ട് അഴിമതി എന്നും അത് മറയ്ക്കാന്‍ വേണ്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. യുഡിഎഫ് അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ഷന്‍ കമ്മീഷന്‍ നിയമം പോലും ഭേദഗതി ചെയ്തു. അത് ഒരു സര്‍ക്കാര്‍ സ്ഥാപനം ആക്കി മാറ്റാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.  കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഇഡിയെ കാണിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇഡി അറസ്റ്റ് ചെയ്തതില്‍ ഒരൊറ്റ ബിജെപിക്കാര്‍ പോലും ഇല്ല. രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം ആണ് അജിത് പവാര്‍ നടത്തിയത്. എന്തുകൊണ്ട് അജിത് പവാറിനെ ഇഡി അറസ്റ്റ് ചെയ്യാത്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

ഇന്ത്യയെ വീണ്ടെടുക്കാനും ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനും ജനങ്ങളെ ചേര്‍ത്ത് പിടിക്കാനുമുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. മണിപ്പൂര്‍ ഇനി എവിടെയും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്‍റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആരും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയുടെ അവസ്ഥ അതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments (0)
Add Comment