കോഴിക്കോട് കൂടത്തായി പരമ്പര കൊലപാതക കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. കൊലപാതകങ്ങളില്‍ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനും പങ്കുണ്ടെന്ന് കണ്ടെത്തല്‍. സിലിയേയും കുഞ്ഞിനേയും കൊന്നത് തന്‍റെ അറിവോടെയെന്ന് ഷാജു അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ജോളിയുമായി ഒരുമിച്ച് ജീവിക്കാനാണ് കൊലപാതകങ്ങളെന്ന് ഷാജുവിന്‍റെ മൊഴി. പയ്യോളി ഡി.വൈ.എസ്.പി ഓഫീസിൽ ഷാജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും.
അതേസമയം കേസിലെ പ്രധാന പ്രതി ജോളി മറ്റു ചില കൊലപാതകങ്ങളും ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മുക്കം സ്വദേശി രാമകൃഷ്ണന്‍റെ മരണമാണ് ഇപ്പോള്‍ ജോളിയില്‍ സംശയത്തിന്‍റെ നിഴല്‍ വീഴ്ത്തുന്നത്. റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ജോളിയുടെ ബ്യൂട്ടിപാർലറിന് സമീപത്ത് താമസിക്കുന്ന മണ്ണിലേത് വീട്ടിൽ രാമകൃഷ്ണന്‍റെ മരണമാണ് ദുരൂഹത ഉയർത്തുന്നത്. ജോളിയും സുഹൃത്തും നടത്തിയിരുന്ന ബ്യൂട്ടിപാർലറുമായി രാമകൃഷ്ണന് അടുത്ത ബന്ധമുണ്ടായിരുന്നു. തന്‍റെ പിതാവിന്‍റെ കയ്യിൽ ഉണ്ടായിരുന്ന 55 ലക്ഷം രൂപ കാണാതായി എന്നാണ് മകൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
ജോളിയുടെ ഫോൺ കോൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്. കല്ലറ തുറന്നു ശേഖരിച്ച മൃതദേഹ അവശിഷ്ടങ്ങളുടെ പരിശോധനാ ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്.പി കണ്ണൂർ ഫോറൻസിക് ലാബിലേക്ക് കത്തയച്ചു. വ്യാജരേഖയുണ്ടാക്കാൻ വഴിവിട്ട് സഹായം ചെയ്തതിന്‍റെ പേരിൽ മുൻ ഡെപ്യൂട്ടി തഹസിൽദാറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇനിയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിക്കുമെന്നാണ് സൂചന. അതേസമയം റിമാൻഡിൽ കഴിയുന്ന പ്രതികളെ ബുധനാഴ്ചയോടെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.