ലോക ബാങ്ക് പ്രസിഡന്‍റ് ജിം യോംഗ് കിം രാജിവെച്ചു; അപ്രതീക്ഷിത രാജി 3 വര്‍ഷം ബാക്കിനില്‍ക്കെ

Jaihind Webdesk
Tuesday, January 8, 2019

ലോകബാങ്ക് പ്രസിഡൻറ് ജിം യോംഗ് കിം രാജിവെച്ചു. മൂന്ന് വർഷത്തെ കാലാവധി ഉള്ളപ്പോഴാണ് ജിമ്മിന്‍റെ രാജി. എന്നാൽ, രാജി തീരുമാനം ഔദ്യോഗിമായി അറിയിച്ചിട്ടില്ല. ലോകബാങ്കിൻറെ തലപ്പത്ത് ആറു വർഷത്തെ സേവനത്തിന് ശേഷമാണ് ജിം യോംഗ് കിം പടിയിറങ്ങുന്നത്. അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നിലെ കാരണമെന്തെന്ന് ജിം യോംഗ് കിം വ്യക്തമാക്കിയിട്ടില്ല.

വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരഭവുമായി സഹകരിക്കുന്നതിന് ജിം യോംഗ് കിം സ്ഥാനമൊഴിയുന്നു എന്നാണ് ലോക ബാങ്കിന്‍റെ വിശദീകരണം. ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ക്രിസ്റ്റലീന ജോർജിയോവയ്ക്കാണ് താല്‍ക്കാലിക ചുമതല.

2012 ജൂ​ലൈ ഒ​ന്നി​നാ​ണ് ജിം യോംഗ് കിംഗ് ലോ​ക​ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ആ​ദ്യം ചു​മ​ത​ല​യേ​റ്റ​ത്. പിന്നീട് 2017 ജൂ​ലൈ​യി​ൽ ര​ണ്ടാം വ​ട്ട​വും ജിം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും മൂന്ന് വര്‍ഷം ശേഷിക്കെയാണ് ജിമ്മിന്‍റെ രാജി പ്രഖ്യാപനം.

ലോക ബാങ്കിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്യാൻ കഴി‍ഞ്ഞതിൽ സന്തോഷമുണ്ടെന്നും ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായതിൽ അഭിമാനിക്കുന്നുവെന്നും രാജിക്ക് ശേഷം ജിം യോംഗ് കിം പ്രതികരിച്ചു. എന്നാല്‍ അപ്രതീക്ഷിത രാജിക്ക്പിന്നില്‍ എന്തെന്നത് ജിമ്മോ ലോക ബാങ്കോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.