‘നമ്മൾ ഇന്ത്യയെ കണ്ടെത്തി നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഫെബ്രുവരി 3ന് കാസർകോട് നിന്നും തുടക്കമാകും. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കാസർഗോഡ് നായമ്മാർമൂലയിൽ നിന്നും ആരംഭിക്കുന്ന യാത്ര കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ കാസർഗോഡ് ഡി.സി.സിയുടെ നേതൃത്വത്തിൽ പൂർത്തിയായി. ചുവരെഴുത്തും ബാനറുകളും കട്ടൗട്ടുകളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരന്നുകഴിഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ എ.ഐ സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി , കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കർണാടക മന്ത്രി ഡി.കെ ശിവകുമാർ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടി പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് കൺവീനർ ബെന്നി ബഹാൻ അടക്കമുള്ള നിരവധി നേതാക്കൾ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
മൂന്നാം തീയതി വൈകിട്ട് 3 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ജനമഹായാത്ര അന്ന് വൈകിട്ട് 5 മണിക്ക് കുമ്പളയിൽ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് നാലാം തീയതി ചട്ടംചാലിലും പെരിയയിലും വൈകിട്ട് 3 മണിയോടെ തൃക്കരിപ്പൂരിലും സ്വീകരണം ഏറ്റുവാങ്ങി കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കണ്ണുരിലേക്ക് പ്രവേശിക്കും. യാത്രയുടെ സംസ്ഥാന തല സമാപനം ഫെബ്രുവരി 28ന് തിരുവനന്ത പുരത്ത് നടക്കും.