ജനമഹായാത്രയ്ക്ക് പാലക്കാടിന്‍റെ മണ്ണില്‍ ആവേശോജ്വല വരവേല്‍പ്

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര പാലക്കാട് ജില്ലയിലെ രണ്ടാം ദിന പര്യടനം പൂർത്തിയാക്കി.  ആറ് കേന്ദ്രങ്ങളിലാണ് ജാഥ ഇന്ന് സ്വീകരണം ഏറ്റുവാങ്ങിയത്. ഡി.സി.സി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠന്‍റെ നേതൃത്വത്തിൽ ആവേശോജ്വല വരവേൽപായിരുന്നു വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് ലഭിച്ചത്.

കനത്ത വെയിലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ആവേശ്വജ്വല വരവേൽപാണ് രണ്ടാം ദിനത്തിൽ ജനമഹായാത്രയ്ക്ക് പാലക്കാട് ലഭിച്ചത്. വാദ്യമേളങ്ങളുടെയും നൂറുകണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ജനമഹായാത്രയെ ആദ്യ സ്വീകരണവേദിയായ പേങ്ങാട്ടിരിയിൽ വരവേറ്റത്. തുടർന്ന് ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, ഇടക്കുറിശി, പുതുശേരി, പാലക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലും ജാഥ സ്വീകരണം ഏറ്റുവാങ്ങി.

കേന്ദ്ര-സംസ്ഥാന സർക്കാറുകളെ  രൂക്ഷമായി വിമർശിച്ചായിരുന്നു ജാഥാ ക്യാപ്റ്റനായ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസംഗം. കൊലപാതക രാഷ്ട്രീയത്തിന്‍റെ തുടക്കക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ, ഫാസിസ്റ്റ് നയം തുടരുന്ന മോദി ഭരണം ദുരന്തമാണെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തകരുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു യാത്രയിലുടനീളം കാണാൻ സാധിച്ചത്. നാളെ നാല് കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങുന്നതോടെ ജില്ലയിലെ പര്യടനത്തിന് സമാപനമാകും.

palakkadjanamahayathra
Comments (0)
Add Comment