ദുബായ് : സീറോ മലബാര്‍ സഭ ദുബായില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനം, കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഭിന്നതയില്‍, മഞ്ഞുരുകലിന്‍റെ വേദിയായതായി സൂചന. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം കടുത്ത ഭിന്നതയിലായ സഭാ വിശ്വാസികളായ പി ജെ ജോസഫിനെയും ജോസ് കെ മാണിയെയും ഒരേ വിമാനത്തില്‍ ദുബായില്‍ എത്തിച്ച സഭ, ഇരുവരെയും ഒരേ മേശയ്ക്ക് ചുറ്റും ഇരുത്തി. അതേസമയം, രാഷ്ട്രീയക്കാര്‍ക്കിടയിലും, ഐക്യം ഉണ്ടാകണമെന്ന, കര്‍ദിനാളിന്‍റെയും ബിഷപ്പുമാരുടെയും ആഹ്വാനം, ദുബായ് സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.
പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ പരാജയത്തിന് ശേഷം, കൂടുതല്‍ ഭിന്നതയിലായ, പി ജെ ജോസഫും ജോസ് കെ മാണിയും ഒന്നിച്ച് പങ്കെടുത്ത ആദ്യ പരിപാടിയാണ്, ദുബായില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്‍റെ പ്രഥമ രാജ്യാന്തര സമ്മേളനം. ഇപ്രകാരം, രൂക്ഷമായ തര്‍ക്കങ്ങള്‍ക്കിടയിലും കത്തോലിക്കാ വിശ്വാസികളായ ഇരുവരെയും കൊച്ചിയില്‍ നിന്ന് ഒരേ വിമാനത്തില്‍ ഒന്നിച്ച് ദുബായിലേക്ക് കൊണ്ടു വരാനും, ഒരേ ഹാളില്‍ ഒരു മേശയ്ക്കൊപ്പം ഇരുത്താനും, സീറോമലബാര്‍ സഭയ്ക്ക് കഴിഞ്ഞു. ഇരുവര്‍ക്കുമിടയില്‍ കോണ്‍ഗ്രസ് നേതാവും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിനാണ് സംഘാടകര്‍ സീറ്റ് നല്‍കിയത്. അതേസമയം, സഭയ്ക്ക് അകത്തും പുറത്തും സഭാ വിശ്വാസികളായ രാഷ്ട്രീയക്കാര്‍ക്കിടയിലും ഐക്യം ഉണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചരി, സമ്മേളനത്തില്‍ ആവര്‍ത്തിച്ചതും, ശ്രദ്ധേയമായി. ഇതുസംബന്ധിച്ച് ജയ്ഹിന്ദ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലും, കര്‍ദ്ദിനാള്‍ ഐക്യവും സഹോദര്യവും അടിവരയിട്ട് സംസാരിച്ചു.
ഇതിനിടെ, ഷംഷാബാദ് രൂപതാ ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ മാര്‍ റാഫേല്‍ തട്ടിലും ഈ ഐക്യത്തിന്‍റെ പ്രധാന്യം ജയ്ഹിന്ദ് ന്യൂസുമായി പങ്കുവെച്ചു. സഭാ വിശ്വാസികളുടെ കൂട്ടായ്മകളില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ പുറത്തു നിന്നുള്ളവര്‍ അല്ല. മറിച്ച്, അവര്‍ അകത്ത് നിന്നുള്ളവരാണെന്ന് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. അതേസമയം, ഇത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദി അല്ലെങ്കിലും എല്ലാവരിലും ഐക്യം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ജോസ് കെ മാണി എംപിയും, ഡീന്‍ കുരിയാക്കോസ് എംപിയും പ്രതികരിച്ചു. തോമസ് ചാഴിക്കാടന്‍ എംപി, എല്‍ഡിഎഫ് ഘടകകക്ഷിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, മുന്‍ എംപിയും എന്‍ഡിഎ ഘടകകക്ഷിയിലെ തോമസ് വിഭാഗം നേതാവുമായ പി.സി തോമസ് തുടങ്ങിയ, സിറോ മലബാര്‍ സഭാ വിശ്വാസികള്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ സംബന്ധിച്ചു. ഇപ്രകാരം, ജോസഫ് – ജോസ് ഉള്‍പ്പടെ, സഭാ വിശ്വാസികളില്‍, ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും, പറയാതെ പറഞ്ഞ്, ദുബായ് സമ്മേളനം അനൗദ്യോഗിക രാഷ്ടീയ ചര്‍ച്ചകള്‍ക്കും വേദിയായി. ഒപ്പം, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ മൂന്ന് മുന്നണികളിലെയും ( യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ) മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് ഒരേ വേദിയില്‍ പങ്കെടുത്ത ആദ്യ വിദേശ സമ്മേളനമായി ഇത് മാറി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് പുറമേ, പത്തിലധികം ബിഷപ്പുമാരും, 23 രാജ്യങ്ങളിലെ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികളും ഈ രാജ്യാന്തര സമ്മേളനത്തില്‍ സംബന്ധിച്ചു.
https://youtu.be/lk5lxbFtSaU