സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ കേസ് സംശയിക്കപ്പെടുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചതോടെ അതീവ ജാഗ്രതയില്‍ സംസ്ഥാനം. രോഗം സംശയിക്കപ്പെടുന്ന രണ്ടാമത്തെ ആളും ആശുപത്രിയിൽ ഐസൊലേഷനില്‍ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചതായാണ് വിവരം. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗമെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വിഭാഗത്തിലാണ് വിദ്യാര്‍ത്ഥി ചികിത്സയിലുള്ളത്. തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിക്കൊപ്പം ചൈനയിൽ നിന്ന് എത്തിയായാൾക്കാണ് രോഗം ഉള്ളതായി സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ തൊണ്ടയിൽ നിന്ന് സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. നിലവിൽ രോഗിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇനി 6 പേർ ജനറൽ ആശുപത്രിയിലും ഒരാൾ മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ആർ.എം.ഒ ക്വാട്ടേഴ്സിലെ ഐസൊലേഷൻ വാർഡിൽ നാല് മുറികൾ തയാറാക്കിയിട്ടുണ്ട്.
എന്നാല്‍ അന്തിമഫലം വന്നതിന് ശേഷമേ കൊറോണയെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. രണ്ടാമത്തെ കേസ് പോസിറ്റീവാണെന്ന് ഇപ്പോള്‍ പറയാനാവില്ല. സംശയം മാത്രമാണുള്ളതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊറോണ ബാധിച്ചാലുടനെ മരിക്കുമെന്ന തരത്തിലുള്ള ഭീതിയുടെ ആവശ്യമില്ല. കർശന ജാഗ്രതയും മുന്‍കരുതലുമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ കേസുകള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അറിയാം :