തെക്കന്‍ ഗാസ മുനമ്പിലെ രണ്ട് കിലോമീറ്റര്‍ നീളമുള്ള തുരങ്കം ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) തകര്‍ത്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹമാസ് ഈ തുരങ്കം നിര്‍മ്മിച്ചതെന്നാണ് ആരോപണം. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച വിഭവങ്ങള്‍ ഉപയോഗിച്ചാണ് തുരങ്കത്തിന്റെ നിര്‍മ്മാണമെന്നും സൈന്യം ആരോപിക്കുന്നു.
ഖാന്‍ യൂനിസ് മേഖലയിലെ തുരങ്കം തകര്‍ക്കുന്നതിന്റെ വീഡിയോ ഐഡിഎഫിന്റെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് കേണല്‍ നദവ് ശോഷാനി പങ്കുവെച്ചു. ‘ഗാസയിലെ ജനങ്ങള്‍ക്കായി ഹമാസിന് വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാമായിരുന്നു, എന്നാല്‍ അതിനുപകരം അവര്‍ വീടുകള്‍ക്ക് താഴെയായി ഭീകര തുരങ്കങ്ങള്‍ നിര്‍മ്മിച്ചു,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തുരങ്കം ഹമാസ് ആയുധങ്ങള്‍ കടത്താനും ഒളിവില്‍ കഴിയാനും ഒളിഞ്ഞാക്രമണങ്ങള്‍ നടത്താനും ഉപയോഗിച്ചിരുന്നതായി ഐഡിഎഫ് ആരോപിച്ചു. ജനവാസ കേന്ദ്രങ്ങള്‍ക്ക് താഴെയായിരുന്നു ഈ തുരങ്കം നിര്‍മ്മിച്ചിരുന്നത്.
സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാധാരണ കെട്ടിടങ്ങള്‍ ഹമാസ് തങ്ങളുടെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും, ഗാസയിലെ ജനങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിച്ച് അപകടത്തിലാക്കുന്നുണ്ടെന്നും ഇസ്രായേല്‍ ആരോപിച്ചു. തകര്‍ത്ത തുരങ്കം, ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് വ്യാപിച്ചേക്കാവുന്ന ഒരു വലിയ ഭൂഗര്‍ഭ ശൃംഖലയുടെ ഭാഗമാണെന്നും ഐഡിഎഫ് പറഞ്ഞു. കെഫിര്‍ ബ്രിഗേഡിലെ സൈനികര്‍ ഈ മേഖലയില്‍ നൂറുകണക്കിന് ഭീകര താവളങ്ങള്‍ നശിപ്പിക്കുകയും ആയുധ ശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഗാസയിലെ നടപടികള്‍ക്ക് പുറമെ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈന്യം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ബാര്‍ട്ട പട്ടണത്തില്‍ നടത്തിയ റെയ്ഡുകളില്‍, ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് രൂപയും യുദ്ധോപകരണങ്ങളും ഐഡിഎഫ് പിടിച്ചെടുത്തു. ഈ റെയ്ഡുകളില്‍ രണ്ട് പേരെ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹെബ്രോണ്‍, യാറ്റ എന്നിവിടങ്ങളില്‍ നടത്തിയ മറ്റ് റെയ്ഡുകളില്‍ നാല് പേരെക്കൂടി ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.