പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ഉദ്യോഗസ്ഥതലത്തിൽ അനാവശ്യ ഇടപെടലുകൾ നടന്നെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ

Jaihind Webdesk
Tuesday, June 25, 2019

Kannur-Pravasi-suicide

പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേയ്ക്ക് നയിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിൽ അനാവശ്യ ഇടപെടലുകൾ നടന്നതായി അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. എഞ്ചിനീയർ ശുപാർശ ചെയ്തിട്ടും ലൈസൻസ് നൽകുന്നതിൽ സെക്രട്ടറി കാലതാമസം വരുത്തി. പി.കെ.ശ്യാമളയുടെ ഇടപെടൽ  സംബന്ധിച്ച   തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ല. കൺവെൻഷൻ സെന്‍ററിന് ഇന്ന് അനുമതി നൽകിയേക്കും. നഗരസഭ ഉത്തരമേഖല ജോയിന്‍റ് ഡയറക്ടറുടെ പരിശോധന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും.

കൺവെൻഷൻ സെൻറർ  നിർമ്മാണവുമായി ബന്ധപ്പെട്ട് ആന്തുർ നഗരസഭ ഓഫിസിൽ സമർപ്പിക്കപ്പെട്ട എല്ലാ രേഖകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി കണ്ടെത്തിയിരിക്കുന്നത് നിർമ്മാണത്തിന്‍റെ ചില ഘട്ടങ്ങളിൽ  നഗരസഭാ സെക്രട്ടറി ഉൾപ്പടെ  നടത്തിയ കാലതാമസമാണ് സാജന്‍റെ കൺവെൻഷൻ സെന്ററിന് അന്തിമ അനുമതി നൽകാൻ വൈകിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ.

ഉദ്യോഗസ്ഥതലത്തിൽ അനാവശ്യ ഇടപെടലുകൾ നടന്നതായാണ്  അന്വേഷണ സംഘത്തിന്‍റെ  വിലയിരുത്തൽ. എഞ്ചിനീയർ ശുപാർശ ചെയ്തിട്ടും ലൈസൻസ് നൽകുന്നതിൽ സെക്രട്ടറി കാലതാമസം വരുത്തി.പി.കെ.ശ്യാമളയുടെ ഇടപെടൽ  സംബന്ധിച്ച   തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ല . ഇതിനിടെ  കൺവെൻഷൻ സെന്‍ററിന് ഇന്ന് അനുമതി നൽകിയേക്കും. അനുമതി എത്രയും വേഗം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സാജന്‍റെ കുടുംബവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
കൺവെൻഷൻ സെൻററിൽ നഗരസഭ ഉദ്യോഗസ്ഥർ ഇന്നും  പരിശോധന നടത്തി.

ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നാളെ പ്രതിഷേധ പരിപാടികൾ തീരുമാനിച്ചിട്ടുണ്ട്.പ്രതിഷേധ പരിപാടികളുടെ ഭാഗമായി യുഡിഎഫ് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നാളെ ആന്തുർ നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വ്യാഴാഴ്ച നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.