തിരുവനന്തപുരം: മേയറുടെ കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ നിർദേശം നല്‍കി ഡിജിപി. വ്യാജരേഖ ചമയ്ക്കലിന് കേസ് എടുത്ത് അന്വേഷിക്കാനാണ് പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. കത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ക്രൈം ബ്രൈഞ്ച് ഡിജിപിക്ക് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി നിർദേശം നല്‍കിയിരിക്കുന്നത്. ഏത് യൂണിറ്റ് അന്വേഷിക്കുമെന്നതില്‍ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കത്തുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. നിലവില്‍ വ്യാജരേഖ ചമയ്ക്കലിനുള്ള വകുപ്പ് ചുമത്തിയാകും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ കത്ത് വ്യാജമാണോ അല്ലയോ എന്ന് വ്യക്തമല്ല. യഥാർത്ഥ കത്തിന്‍റെ ഉത്ഭവം സംബന്ധിച്ച് കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് ഡിജിപി നല്‍കിയിരിക്കുന്ന നിർദേശം.