ഇന്ദിരാഗാന്ധിയുടെ നേതൃപാടവത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Tuesday, January 8, 2019

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃപാടവത്തെയും പ്രവര്‍ത്തനമികവിനെയും പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മികവ് തെളിയിക്കാൻ ഇന്ദിരാഗാന്ധിക്ക് സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. പുരുഷന്മാരായ നേതാക്കളെക്കാൾ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞെന്നും ഗഡ്കരി നാഗ്പൂരില്‍ പറഞ്ഞു.

സ്ത്രീസംവരണത്തിന് താന്‍ എതിരല്ലെന്നും എന്നാല്‍ ഒരാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് സംവരണത്തിന്‍റെയല്ല, അറിവിന്‍റെ പിൻബലത്തോടെയാണെന്നും ഇന്ദിരാഗാന്ധിയെ പരാമര്‍ശിച്ച് ഗഡ്കരി പറഞ്ഞു. ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഏതൊരു നേതാവിനെക്കാളും മികവ് തെളിയിക്കാൻ ഇന്ദിരാഗാന്ധിക്കായി. സംവരണം ഉള്ളതുകൊണ്ടാണോ ഇത് സാധ്യമായതെന്നും അദ്ദേഹം ചോദിച്ചു. നാഗ്പൂരില്‍ വനിതാ സ്വയംസഹായ സംഘത്തിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു നിതിന്‍ ഗഡ്കരി.