പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യന്‍ സിനിമാ ലോകം

Jaihind Webdesk
Friday, February 15, 2019

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യന്‍ സിനിമാലോകം.

ലോകം സ്‌നേഹിക്കപ്പെടുന്നവരുടെ ദിനം ആഘോഷിക്കപ്പെടുന്ന ദിനത്തില്‍, വളരെ വേദനയോടെയാണ് ജനങ്ങള്‍ പുല്‍വാമയിലെ ആ ദു:ഖ വാര്‍ത്ത കേട്ടത്. സൈനികരുടെ വീരമൃത്യുവിന് രാജ്യം മുഴുവന്‍ ആദരവറിയിക്കുമ്പോള്‍, സംഭവം ഞെട്ടിച്ചുവെന്നും, അതിര്‍ത്തിയില്‍ ജവാന്മാരുടെ ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്ത ഏറെ ദു:ഖിപ്പിച്ചുവെന്നും മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് മനസ്സെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും ചലച്ചിത്ര ലോകവും പ്രതികരിച്ചു. മനസ്സിലെ വിദ്വേഷവും ദുഃഖവും പലരും സമൂഹ മാധ്യമങ്ങളിലൂടെയും പങ്കുവച്ചു.

ഇത്തരമൊരു നിഷ്ഠൂര ആക്രമണത്തിനു ശേഷം വിജയമാഘോഷിക്കുന്ന ഇവര്‍ ആരാണ്? രക്തം ചിന്തി ആനന്ദിക്കുന്നവരുടെ ചിരി മാത്രമല്ല, മുഖങ്ങള്‍ തന്നെ തുടച്ചു മാറ്റണം.. എന്നിട്ട് അവരെ ഞെട്ടിച്ചു കൊണ്ട് പ്രതികാരം ചെയ്യണം.. തിരിച്ചടിക്കണം.. ‘ നടന്‍ ആര്‍. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

മാധവനോടൊപ്പം അഭിഷേക് ബച്ചന്‍, ശബാന ആസ്മി, റിഷി കപൂര്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര, ദിയാ മിര്‍സ, തുടങ്ങിയ ബോളിവുഡ് താരങ്ങളും പ്രതികരിച്ചു.

നടന്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് തുടങ്ങിയവരും പുല്‍വാമ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി പോസ്റ്റുകളിട്ടിരുന്നു.