ഇന്ത്യയിൽ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമെന്ന് നിരീക്ഷണം

Jaihind News Bureau
Tuesday, October 1, 2019

ഇന്ത്യയിൽ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം. ഈ മൺസൂണിൽ രാജ്യം മുഴുവൻ പെയ്തിറങ്ങിയത് കഴിഞ്ഞ 25 വർഷത്തിനിടയിലെ കൂടിയ മഴ. 1994 ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മൺസൂൺ കാലമാണ് അവസാനിക്കുന്നത്.

ഇന്നലെയോടെയാണ് മൺസൂൺ അവസാനിച്ചതായി കാലവസ്ഥ വകുപ്പ് അറിയിച്ചത്. സാധാരണയേക്കാൾ കൂടുതൽ മഴയാണ് ഈ മൺസൂൺ കാലത്ത് ലഭിച്ചത് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഔദ്യോഗികമായി മൺസൂൺ അവസാനിച്ചെങ്കിലും രാജ്യത്തിന്‍റെ പലഭാഗത്തും മഴയും, മഴക്കെടുതികളും തുടരുകയാണ്. മൺസൂണിന്‍റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഇത്തവണയാണെന്ന് കാലവസ്ഥ വകുപ്പ്
പറയുന്നു.

ജൂൺ എട്ടിനാണ് കേരള തീരത്ത് കാലവർഷം എത്തിയത്. ജൂൺമാസത്തിൽ സാധാരണയെക്കാൾ 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാൽ ജൂലൈ മാസം അവസാനിച്ചപ്പോൾ ഇത് 33 ശതമാനം അധിക മഴയായി മാറി. ഓഗസ്റ്റ് മാസത്തിൽ മാത്രം സാധാരണ മഴയെക്കാൾ 15 ശതമാനം കൂടുതൽ ലഭിച്ചു.

ഇന്ത്യയിലെ 36 മെട്രോളജിക്കൽ സബ് ഡിവിഷനുകളിൽ മധ്യപ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ അതി തീവ്രമഴയാണ് ഇത്തവണ ഉണ്ടായത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

https://youtu.be/F8_ZEns2rvs