ചരിത്രത്തിലിടം നേടി ഇന്ത്യന്‍ വിജയം; പരമ്പരയില്‍ 2-1ന് മുന്നില്‍

Sunday, December 30, 2018

മെല്‍ബണ്‍: ഇന്ത്യന്‍ ബൗളിങ് നിരയുടെ കരുത്തില്‍ ഇന്ത്യക്ക് ചരിത്രവിജയം. ആസ്‌ട്രേലിയ-ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് വിജയിച്ചു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1 എന്ന നിലയില്‍ മുന്നിലാണ് ഇന്ത്യ. അവസാന ദിവസം രണ്ട് വിക്കറ്റ് മാത്രം കൈയിരിലിരിക്കെ ജയിക്കാന്‍ 141 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് ഓള്‍ഔട്ടായി.

മഴ കാരണം ഉച്ചവരെ കളി പുനഃരാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്ത്യന്‍ ആരാധകര്‍ നിരാശരായി. ഉച്ചഭക്ഷണത്തിനുശേഷം കളി പുനരാരംഭിച്ചപ്പോള്‍ 4.3 ഓവറില്‍ ഇന്ത്യ അവശേഷിച്ച രണ്ട് വിക്കറ്റും ജയവും സ്വന്തമാക്കുകയായിരുന്നു.

114 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത കമ്മിന്‍സാണ് ആദ്യം പുറത്തായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്ത് ശര്‍മ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ നതാണ്‍ ലിയോണും പുറത്തായി. ഏഴ് റണ്‍സ് മാത്രമായിരുന്നു സംഭാവന. ഹെയ്‌സല്‍വുഡ് പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കുവേണ്ടി ബുംറയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയായി ഓസ്‌ട്രേലിയക്ക് 151 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 292 റണ്‍സ് ലീഡ് നേടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടിന്നിങ്‌സിലുമായി ബുംറ ഒന്‍പത് വിക്കറ്റെടുത്തു. സിഡ്‌നിയില്‍ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്.