ശബരിമല: ഭക്തരുടെ തിരക്കില്‍ നേരിയ വര്‍ധന

Jaihind Webdesk
Saturday, December 1, 2018

Sabarimala-Pilgrims-3

നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്ന് ശബരിമലയിൽ തിരക്ക് നേരിയ തോതിൽ വർധിച്ചു. എങ്കിലും 144 നാലു ദിവസത്തേക്കുകൂടി നീട്ടുകയാണ് സർക്കാർ ചെയ്തത്. പുതിയ ബാച്ച്‌ പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ ചുമതല ഏറ്റു. 300 പോലീസുകാരെ അധികമായി സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. അതേസമയം പമ്പയിലും നിലക്കലും സംഘപരിവാർ സംഘടനയായ അയ്യപ്പസേവാ സമാജത്തിന് അന്നദാനത്തിന് അനുമതി നൽകിയതിലൂടെ സർക്കാരും ആർ.എസ്.എസുമായുള്ള ഒത്തുകളി പുറത്തായി.

പുതിയ ബാച്ച് പോലീസുകാർ ചുമതല ഏറ്റെങ്കിലും സോപാനത്തൊഴികെ ജോലി ചെയ്യുന്ന പോലീസുകാർ ഷൂസും ബെൽറ്റും തൊപ്പിയും ധരിക്കണമെന്ന നിര്‍ദേശമാണ് വീണ്ടും നൽകിയത്. മാത്രമല്ല നിരോധനാജ്ഞ നാലു ദിവസത്തേക്കുകൂടി നീട്ടിയത് അയ്യപ്പഭക്തരെ വിഷമത്തിലാക്കിയിരിക്കുകയാണ്.

നിയന്ത്രണങ്ങളിൽ ഇളവുണ്ടെന്ന് പറയുന്നതല്ലാതെ വാവരു നടയ്ക്ക് ചുറ്റും നിർമിച്ചിട്ടുള്ളതും വലിയ കാണിക്കക്കടുത്തുള്ള മുള്ളുവേലി ഇനിയും മാറ്റിയിട്ടില്ല. വലിയ നടപ്പന്തലിൽ വിരിവെക്കുന്നതിനുള്ള സൗകര്യവും നൽകുന്നില്ല. ഭയത്തോടെയാണ്‌ ഭക്തർ ഇപ്പോഴും ശബരിമലയിലേക്കെത്തുന്നത്.

അതേ സമയം പമ്പയിലും നിലയ്ക്കലും സംഘപരിവാർ സംഘടനയായ അയ്യപ്പസേവാ സമാജത്തിന് അന്നദാനത്തിന് ദേവസ്വം ബോർഡ് അനുമതി നൽകിയത് വിവാദമായി. ദേവസ്വം ബോർഡ് നേരിട്ട് അന്നദാനം നടത്തണമെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ നടപടി.

സർക്കാരും ആർ.എസ്.എസുമായിട്ടുള്ള രഹസ്യബന്ധമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. മുൻ സർക്കാരും ബോർഡും ഒരുക്കിയ സൗകര്യങ്ങളല്ലാതെ പുതുതായി ഒരടിസ്ഥാന സൗകര്യങ്ങളും ഭക്തർക്കായി ഏർപ്പെടുത്താൻ ഈ സർക്കാരിനും ബോർഡിനും കഴിഞ്ഞിട്ടില്ല എന്ന വിമർശനവും നിലനിൽക്കുകയാണ്.