ഷാര്‍ജ : ഷാര്‍ജയില്‍ പുറംകടലില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാര്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയ ഷാര്‍ജ ഖാലിദ് പോര്‍ട്ട് മാനേജര്‍ യാക്കൂബ് അബ്ദുള്ളയെ മലയാളികള്‍ക്ക് വേണ്ടി പ്രവാസി സംഘടനയായ ‘ഇന്‍കാസ്’ നേരിട്ട് അനുമോദനം അറിയിച്ചു. പുറംകടലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള കപ്പലിലെ ജീവനക്കാരെ സഹായിച്ച, ഷാര്‍ജ സീപോര്‍ട്സ് ആന്‍ഡ് കസംറ്റംസ് ചെയര്മാന് ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസ്മിയെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഭവ ദിവസം തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ‘ഇന്‍കാസ്’ ഉന്നത സംഘം നേരിട്ടെത്തിയത്.
‘ഇന്‍കാസ്’ യുഎഇ പ്രസിഡന്റ് മഹാദേവന് വാഴശേരി, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഇന്ത്യന്‍ ബിസിനസ് ലീഡേഴ്സ് ഫോറം പ്രസിഡന്റ് സുനില്‍ അസീസ്, ഷാര്‍ജ ഇന്‍കാസ് വൈസ് പ്രസിഡന്റ് റെജി സാമുവല്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് തോമസ് ഈപ്പന് തുടങ്ങിയ സംഘം പോര്‍ട്ട് മാനേജര്‍ യാക്കൂബ് അബ്ദുള്ളയുടെ ഓഫീസില്‍ നേരിട്ടെത്തി പൂച്ചെണ്ടും ഷാളും അണിയിച്ച് നന്ദി അറിയിക്കുകയായിരുന്നു.
ഷാര്‍ജ കേന്ദ്രമായ വ്യവസായിയും തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി വി ടി സലിം മുഖേനയാണ് ഷാര്‍ജ സീപോര്‍ട്സ് ആന്‍ഡ് കസ്റ്റംസ് ചെയര്മാന് ഷെയ്ഖ് ഖാലിദിനെയും, യാക്കൂബ് അബ്ദുള്ളയെയും ബന്ധപ്പെട്ടത്. മൂന്ന് മാസം മുന്‍പ് ദുബായിയില്‍ നിന്ന് ഇറാനിലേക്ക് പോയ കപ്പലില്‍ ഇന്ത്യക്കാരടക്കം 12 പേരുണ്ടായിരുന്നു. ദുബായ് ആസ്ഥാനമായ കമ്പനിയുടെ കപ്പലിലെ ജീവനക്കാര്‍ കൊറോണ ആശങ്ക മൂലം ഷാര്‍ജയില്‍ പുറംകടലില്‍ കുടുങ്ങിയ വാര്‍ത്ത നേരത്തെ ‘ജയ്ഹിന്ദ് ന്യൂസ് ‘ റിപ്പോര്‍ട്ട് ചെയ്തിരുന്നു.