നിയമകുരുക്ക്, ജയില്‍വാസം, കാന്‍സര്‍ : തകര്‍ച്ചകളില്‍ കുടുങ്ങിയ മലയാളിക്ക് നാട്ടിലേക്ക് പറക്കാന്‍ കോടതി ഇടപെടല്‍ ; വിമാനടിക്കറ്റും സഹായവുമായ് ‘ഇന്‍കാസ്’

B.S. Shiju
Wednesday, May 13, 2020

ഉമ്മല്‍ ക്വയിന്‍ ( യുഎഇ ) : വിമാന വിലക്ക് മൂലം സന്ദര്‍ശക വിസ കാലാവധിയും കഴിഞ്ഞു, ദുരിതത്തിലായ മലയാളിയായ കാന്‍സര്‍ രോഗിക്ക് നാട്ടില്‍ ചികിത്സയ്ക്ക് പോകാന്‍ വഴി തുറന്നു. നാട്ടിലേക്ക് അടിയന്തരമായി പറക്കാന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പരിഗണന കൂടി കിട്ടാതെ വന്നപ്പോള്‍, ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ വഴിയാണ് നാട്ടിലേക്ക് പറക്കാനുള്ള തടസ്സം നീങ്ങിയത്. കോണ്‍ഗ്രസ് കൂട്ടായ്മയായ ഇന്‍കാസ് വഴിയാണ്, ഇബ്രാഹിമിന്‍റെ മടക്കയാത്രയ്ക്കുള്ള തടസ്സം ഉടന്‍ നീക്കാന്‍ കോടതിയെ സമീപിച്ചത്.

യുഎഇയിലെ വടക്കന്‍ നഗരമായ ഉമ്മല്‍ ക്വയിനില്‍ കഫെറ്റീരിയ നടത്തിയിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുളിഞ്ചോട് പതിയാശേരി വീട്ടില്‍ ഇബ്രാഹിം കുഞ്ഞിമുഹമ്മദിനാണ് കോടതി ഇടപെടല്‍ ആശ്വാസമായത്. ഈ കൊച്ചു വ്യാപാരത്തിലൂടെ, വലിയ തകര്‍ച്ചയും നിയമക്കുരുക്കുകളും ജയില്‍ വാസവും നേരിട്ട് ദുരിതത്തിലായ ഇബ്രാഹിമിനെ കാന്‍സര്‍ രോഗം കൂടി പിടികൂടുകയായിരുന്നു. ഇതോടെ, 47 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പച്ച്, നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എറണാകുളത്ത് വി എസ് എസ് ഹെല്‍ത്ത് കെയറിന് കീഴിലെ , ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ , കാന്‍സര്‍ വിദ്ഗദന്‍ ഡോ. ഗംഗാധരന്‍റെ കീഴില്‍ കഴിഞ്ഞ നാളുകളായി ചികിത്സയിലായിരുന്നു.

യുഎഇയിലെ കേസിന്‍റെയും കച്ചവടത്തിന്‍റെയും നിയമപരമായ രേഖകള്‍ ശരിയാക്കുന്നതിനായി ഭാര്യയോടൊപ്പം വീണ്ടും സന്ദര്‍ശക വിസയില്‍ എത്തിയതാണെന്ന്, ഇബ്രാഹിം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഏപ്രില്‍ ഏഴിന് സന്ദര്‍ശക വീസാ കാലാവധിയും കഴിഞ്ഞു. ഇതിനിടെ, ഉമ്മല്‍ ക്വയിനിലുള്ള മകന്‍റെയും മകളുടെയും ജോലിയും നഷ്ടപ്പെട്ടു. ഇതോടെ, ആ വരുമാനവും നിലച്ചു. ഇതിനിടെയാണ് കൊവിഡ് മൂലം ഇന്ത്യയിലേക്കുള്ള വിമാനയാത്രാ നിരോധനം വന്നത്. ഇതോടെ, നാട്ടിലേക്കുള്ള വഴി അടയുകയും കാന്‍സറിന്‍റെ തുടര്‍ചികിത്സയും ഒരു മാസത്തിലധികമായി മുടങ്ങുകയും ചെയ്തു.

ഇതിനിടെ, അടിയന്തരമായി നാട്ടിലേക്ക് മടങ്ങാന്‍ കേരള സര്‍ക്കാരിന്‍റെ നോര്‍ക്കയിലും ഇന്ത്യന്‍ എംബസ്സിയിലും പേര് രജിസ്റ്റര്‍ ചെയ്തു. എന്നിട്ടും യാത്ര അനുമതിയെ കുറിച്ചുള്ള ഒരു ഉറപ്പും അധികാരികള്‍ക്ക് നല്‍കിയില്ല. അര്‍ഹതയില്ലാത്തവര്‍ കയറി പോയിട്ടും, അര്‍ഹതയുള്ള ഈ 69 വയസുകാരന്‍ രോഗിക്ക് മുന്നില്‍ നീതി നിഷേധിക്കപ്പെട്ടു. ഒരു ഇന്ത്യക്കാരന്‍റെ അവസാന പ്രതീക്ഷയായ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ വാതില്‍ അവിടെയും കൊട്ടിയടച്ചു. ഇതേതുടര്‍ന്നാണ്, കോണ്‍ഗ്രസ്സിന്‍റെ പ്രവാസി സംഘടനയായ ഇന്‍കാസിന്‍റെ ഉമ്മല്‍ ക്വയിന്‍ കമ്മറ്റി പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടത്. ഇന്‍കാസ് ഉമ്മല്‍ ക്വയിന്‍ പ്രസിഡണ്ട് സഞ്ജു പിള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടന്‍ മുഖേന കേരള ഹൈക്കോടതിയെ സമീപിച്ചാണ് ഇപ്പോള്‍ നീതിയുടെ വാതില്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടത്.

ഇബ്രാഹിമിന്‍റെയും ഭാര്യ ജെമീലയുടെയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ചിലവ് ഫ്‌ളൈ വിത്ത് ഇന്‍കാസ് എന്ന ആശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉമ്മല്‍ ക്വയിന്‍ കമ്മറ്റി ഏറ്റെടുത്തു. സുദേവന്‍, പ്രസാദ്, ആഷ്ലി , ജോയ് രാമചന്ദ്രന്‍ , വിദ്യാധരന്‍, ചന്ദ്രദേവ് കുന്നപ്പള്ളി, ജിജോ, സുനില്‍, ഷാജി , പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടപെടലുകളും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തുണയായി. ഇനി നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് തീയതി കാത്തിരിക്കുകയാണ് ഈ രോഗിയും ഭാര്യയും. 47 വര്‍ഷം പ്രവാസിയായി ജീവിച്ചിട്ടും, സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ട് വാടക വീട്ടില്‍ താമസിക്കേണ്ടി വരുന്ന നിരവധി പ്രവാസി ജീവിതങ്ങളില്‍ ഒന്ന് കൂടിയാണിത്.