കര്‍ത്താർപൂര്‍ ഇടനാഴിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തറക്കല്ലിട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് കേന്ദ്ര മന്ത്രിമാരും പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ചടങ്ങില്‍ ഇമ്രാൻ ഖാൻ പറഞ്ഞു.
ലഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ നറോവാലില്‍ ആണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമാകുന്ന പദ്ധതിക്ക് തറക്കല്ലിട്ടത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരിയയും ഹര്‍സിമ്രത് കൗര്‍ ബാദലും ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും ചരിത്ര നിമിഷത്തിന് സാക്ഷിയായി. ഗുരു നാനാക്കിന്‍റെ സമാധിസ്ഥലമായ കർത്താർപൂർ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ്.
സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയിൽ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി നില നിൽക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ പദ്ധതിയാണ് പാക് പ്രധാനമന്ത്രി തുടക്കം കുറച്ചിരിക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും കാശ്മീർ പ്രശ്നം പരിഹരിക്കണമെന്ന ഒറ്റ ഉപാധി മാത്രമെ പാകിസ്ഥാന് ഉള്ളുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
അതേ സമയം സാർക് ഉച്ചകോടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് വീണ്ടും ചർച്ച തുടങ്ങാനുള്ള പാകിസ്ഥാന്‍റെ നീക്കം ഇന്ത്യ തള്ളി. ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.