മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പോടെ മദ്യം നല്‍കാമെന്ന് എക്സൈസ് വകുപ്പ്; മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്ന് ഡോക്ടര്‍മാര്‍, തീരുമാനം അശാസ്ത്രീയം

Jaihind News Bureau
Sunday, March 29, 2020

തിരുവനന്തപുരം:  കോറോണ കാലത്തും മദ്യത്തിൽ നിന്നുള്ള വരുമാനം കൈവിടാതെ വിവാദ നടപടികളുമായി സർക്കാർ. മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാൻ ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയാൽ മദ്യം നൽകാമെന്നായിരുന്നു എക്സൈസ് വകുപ്പിന്‍റെ ഉത്തരവ്.

എന്നാല്‍ മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാൻ മദ്യം വേണ്ടെന്ന് ഐഎംഎ യും കെജിഎംഒയും വ്യക്തമാക്കി. മദ്യം നൽകി ചികിത്സിക്കുന്നത് പ്രോട്ടോക്കോളിന് എതിരാണെന്നും ഐഎംഎ വ്യക്തമാക്കി. മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മദ്യം നൽകുമെന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയാൽ മദ്യം നൽകാമെന്ന കരട് നിർദ്ദേശം എക്സൈസ് കമ്മിഷണർ സർക്കാറിന് സമർപ്പിക്കും. ഡോക്ടറുടെ കുറിപ്പടി  എക്സൈസ് ഓഫിസിലാണ് നൽകേണ്ടത്. ഈ കുറിപ്പ് അധികൃതർ ബിവറേജസിന് കൈമാറും എന്നും കരട് നിർദ്ദേശിക്കുന്നു. ഇങ്ങനെ ഒരു നടപടിയുണ്ടാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാൻ മരുന്നുകളുണ്ടെന്നും മദ്യമല്ല വേണ്ടതെന്നും ഐഎംഎ വ്യക്തമാക്കി. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കൾ ഉണ്ടെന്നും ഐഎംഎ ഭാരവാഹികൾ ഓർമ്മപ്പടുത്തി. മദ്യാസക്തിയുള്ളവരെ ചികിത്സിക്കാൻ മദ്യം നൽകാനുള്ള നീക്കം ദൗർഭാഗ്യകരമെന്ന് കെ ജി എം ഒ എ അധികൃതരും പ്രതികരിച്ചു. അശാസ്ത്രീയവും അധാർമ്മികവും ആയ നീക്കം ഉപേക്ഷിക്കണമെന്നും ഇത്തരത്തിലൊരു കുറിപ്പടി ഡോക്ടർമാർ നൽകില്ല എന്നും സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.

ഇതോടെ, ഡോക്ടർമാരെ കൂടി ആയുധമാക്കി ഏത് വിധേനയും മദ്യത്തിൽ നിന്നുള്ള വരുമാനം നിലക്കാതെ നോക്കാനുള്ള സർക്കാരിന്‍റെ അവസാനത്തെ അടവും പാളി പോവുകയാണ്. നേരത്തെ , ബാർ കൗണ്ടറുകൾ വഴി പാഴ്സലായി മദ്യം നൽകാൻ നിയമഭേദഗതി വരുത്താനുള്ള നീക്കവും വിവാദമായതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതേ സമയം മദ്യത്തിൻ നിന്നുള്ള വിത്ത് ഡ്രോവൽ സിംറ്റംസ് മാറാൻ നിലക്കടലയും മദ്യവും നൽകണം എന്ന തമാശകുറിപ്പടി എഴുതിയ ഡോക്ടറുടെ നടപടി വിവാദമായി.