എസ്.സി-എസ്.ടി വിഭാഗത്തെ തഴഞ്ഞ് സർക്കാര്‍ : തസ്തികളില്‍ നിയമനം നടത്തുന്നില്ല ; പണം വാങ്ങി അനധികൃത നിയമനമെന്നും ആരോപണം | Video Story

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലെ തസ്തികകളിൽ നിയമനം നടത്താതെ സർക്കാർ അനാസ്ഥ. എസ്.സി – എസ്.ടി വിഭാഗക്കാർക്കായുള്ള എംപ്ലോയ്മെന്‍റ് സെൽ ഉദ്യോഗസ്ഥരെ മാറ്റാനും നീക്കം. ഇതേ തസ്തികയിൽ പണം വാങ്ങി അനധികൃത നിയമനം നടക്കുന്നുവെന്നും ആരോപണമുണ്ട്.

മുഖ്യമന്ത്രിയുടെ അധീനതയിലുള്ള പൊതുഭരണ വകുപ്പിൽ പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്കുള്ള വകുപ്പിൽ നിയമനങ്ങൾ നടത്താതെ തസ്തികകൾ ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം  പിന്നിടുന്നു. 2018 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 2,993 തസ്തികകളിൽ ഒഴിവ് കണ്ടെത്തിയിരുന്നു. ഏറ്റവും അധികം ഒഴിവുകളുള്ളത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെ പോലീസ് സേനയിലാണെന്നുള്ളതാണ് ശ്രദ്ധേയം.

പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്കായുള്ള 540 തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. 479 ഒഴിവുകളോടെ ആരോഗ്യ വകുപ്പും ഒട്ടും പിന്നിലല്ല. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 306, പൊതുമരാമത്ത് വകുപ്പിൽ 160, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പിൽ 118… അങ്ങനെ നീളുന്നു ഒഴിവുകളുടെ പട്ടിക. അതേ സമയം ഇത് പരിശോധിക്കുന്ന എംപ്ലോയ്‌മെന്‍റ് സെൽ ഉദ്യോഗസ്ഥരെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ധൃത ഗതിയിൽ നടക്കുകയാണ്. പുറമേയുള്ള വകുപ്പ് മേധാവികൾ സർക്കാരിന്‍റെ അവലോകന തീരുമാനം അട്ടിമറിക്കാൻ നീക്കങ്ങൾ നടത്തുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. പി. എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്ന തസ്തികകൾ പോലും വർഷങ്ങളായി നോട്ടിഫിക്കേഷൻ നൽകാതെയും പരീക്ഷകൾ നടത്താതെയും റാങ്ക് ലിസ്റ്റ് പൂഴ്ത്തിവെക്കുന്നുവെന്നാണ് ആരോപണം.

പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തെ അവഗണിക്കുന്ന സർക്കാർ കോര്‍പറേറ്റുകള്‍ക്ക് പിന്നാലെ പോവുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതികരിച്ചു. വിദേശ യാത്രകളിലും പുതുവത്സര പദ്ധതികളിലും മുഴുകിയിരിക്കുന്ന മുഖ്യമന്ത്രിക്ക്  തന്‍റെ കീഴിലുള്ള വകുപ്പുകളിൽ എന്താണ് നടക്കുന്നതെന്ന് ഒരു ധാരണയുമില്ല . നാഥനില്ലാ കളരിയായി മാറുന്ന പൊതു ഭരണ വകുപ്പിൽ ഉത്തരവാദിപ്പെട്ടവർ അടിയന്തര ഇടപെടൽ നടത്തിയേ മതിയാകൂ.

https://www.youtube.com/watch?v=n6IGxzidmZU

SC ST
Comments (0)
Add Comment