കല്ലട : യാത്രക്കാരെ മര്‍ദിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

Jaihind Webdesk
Monday, May 20, 2019

Suresh-Kallada

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. സുരേഷ് കല്ലട ബസ്സില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരെ വൈറ്റിലയില്‍ വിളിച്ചിറക്കി മര്‍ദിച്ച സംഭവത്തിലാണ് നടപടി. അതേ സമയം, പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

കല്ലട ബസിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ കൊച്ചി വൈറ്റിലയിൽ വെച്ച് മർദിച്ച കേസിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ഇന്ന് നടക്കുക.പ്രതികൾ എറണാകുളം സബ് ജയിലിലാണ് റിമാന്റിൽ കഴിയുന്നത്.  പരാതിക്കാരായ മൂന്ന് പേര്‍ ജയിലില്‍ വന്ന് തിരിച്ചറിയല്‍ പരേഡ് നടത്തും. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് തൃക്കാക്കര എസപി പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷക്കെതിരെ വാദിക്കുകയും ചെയ്തില്ല. അതോടെ പ്രതികളായ 7 പേര്‍ക്കും കോടതി ജാമ്യം നല്‍കുകയായിരുന്നു. ജയേഷ്, രാജേഷ് , ജിതിന്‍ , അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

പിഴ അടക്കേണ്ട തുക കെട്ടിവച്ച് പ്രതിയില്‍ ഒരാളായ തൃശ്ശൂര്‍ സ്വദേശി ജിതിന്‍ ജയിലില്‍നിന്നും മോചിതനാകുകയും ചെയ്തു. എന്നാല്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്ന കാര്യം കോടതിയെ അറിയിച്ചതിനാല്‍ മറ്റ് ആറ് പേര്‍ക്കും ജയിലില്‍ നിന്നും മോചിതരാകാന്‍ സാധിച്ചില്ല.

അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം ആ കോടതിക്ക് തന്നെ റദ്ദാക്കാന്‍ കഴിയാത്തതിനാല്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അതേസമയം, ജയിലില്‍ നിന്നും മോചിതനായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടതായി വരും.

teevandi enkile ennodu para