ഗാസയില്‍ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്ത് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ്. എല്ലാവരും ഉത്തരവാദിത്തം കാണിക്കണമെന്നും ചരിത്രം നമ്മെ എല്ലാവരേയും വിധിക്കുമെന്നും ഗുട്ടെറെസ് പറഞ്ഞു. എക്‌സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഗുട്ടെറെസിന്‍റെ സമാധാന ആഹ്വാനം.
‘‘വെടിനിർത്തലിന് ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. ബന്ദികളെ ഉപാധികളില്ലാതെ മോചിപ്പിക്കണം. ജീവൻ രക്ഷാ സാമഗ്രികള്‍ വിതരണം ചെയ്യുന്നതില്‍ തടസം വരാന്‍ പാടില്ല. എല്ലാവരും ഉത്തരവാദിത്തം നിറവേറ്റണം. ഇതു ന്യായത്തിന്‍റെ സമയമാണ്. ചരിത്രം നമ്മളെ വിധിക്കും’’– ഗുട്ടെറസ് എക്സില്‍ കുറിച്ചു.
അതേസമയം വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളെ ഇസ്രയേല്‍ പൂർണ്ണമായും തള്ളി. വെടിനിര്‍ത്തല്‍ എന്ന വാക്ക് പോലും തങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധം കടുപ്പിച്ചതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. 24 മണിക്കൂറിനിടെ ബങ്കറുകള്‍ ലക്ഷ്യമാക്കി 150 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസിന്‍റെ വ്യോമനീക്കങ്ങളെ ഏകോപിപ്പിച്ചിരുന്ന കമാന്‍ഡര്‍ അസിം അബു റകാബയെ വധിച്ചെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.
ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം പാസാക്കിയിരുന്നു. 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്‌പ്പോള്‍ 14 രാജ്യങ്ങളാണ് എതിര്‍ത്തത്. ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇന്ത്യയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും ലജ്ജാകരമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.
I repeat my call for a humanitarian ceasefire in the Middle East, the unconditional release of all hostages, and the delivery of life-saving supplies at the scale needed.
Everyone must assume their responsibilities.
This is a moment of truth.
History will judge us all. pic.twitter.com/z562jVDKri
— António Guterres (@antonioguterres) October 27, 2023