കേരള സ്കൂൾ കലോൽസവത്തിന്റെ ചരിത്രം… ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം…

Jaihind Webdesk
Friday, December 7, 2018

School-Kalolsavam-History

കലാകേരളത്തിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കേരള സ്കൂൾ കലോൽസവത്തിന് ഒരു ചരിത്രമുണ്ട്. 1956 ൽ ആരംഭിച്ച ഈ കൗമാരോൽസവം പൊലിമയൊട്ടും കുറയാതെ ഇപ്പോൾ അമ്പത്തൊൻപതാം വർഷത്തിൽ എത്തി നിൽക്കുന്നു. ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

കാലം വരച്ചു ചേർക്കുന്ന കഥയാണ് ചരിത്രം. കലോൽസവത്തിനും ഒരു ചരിത്രമുണ്ട്.

1956 ൽ കേരള സംസ്ഥാനം പിറവിയെടുക്കുന്നു. ഇതേവർഷം തൊട്ടടുത്ത മാസം കലോൽസവവും ആരംഭിച്ചു. ഡൽഹി അന്തർ സർവകലാശാല കലോത്സവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നാണ് ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചത്. 200 ഓളം കുട്ടികൾ പങ്കെടുത്ത കലോൽസവം ഒറ്റ ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. 1966, 67, 72, 73 വർഷങ്ങളിൽ ചില കാരണങ്ങളാൽ കലോത്സവം നടന്നില്ല. എന്നാൽ 1975 ൽ നടന്ന കോഴിക്കോട് കലോത്സവം ചരിത്രത്തിലെ വഴിത്തിരിവായി. കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയവ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമാണ്. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചു. 1986 ൽ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് കലാപ്രതിഭ, കലാ തിലക പട്ടങ്ങൾ നൽകിത്തുടങ്ങിയത്. പ്രതിഭ എന്ന പേര് നിർദേശിച്ചത് കവി ചെമ്മനം ചാക്കോ. പിൽക്കാലത്ത് ചലച്ചിത്ര നടനായി മാറിയ വിനീതിനായിരുന്നു ആദ്യ പ്രതിഭാ പട്ടം ലഭിച്ചത്. കലാതിലകം പൊന്നമ്പിളി അരവിന്ദും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്ക് സ്വർണക്കപ്പ് നൽകുന്ന പതിവും ആരംഭിച്ചത് 86 ലാണ്. 2013 ൽ 14 പുതിയ ഇനങ്ങൾ കലോൽസവത്തിൽ ഉൾപ്പെടുത്തി. അങ്ങിനെ നിരവധി പരിണാമങ്ങൾ സംഭവിച്ച് ഈ കമാരോൽസവം ഇത് അഞ്ചാം തവണ കിഴക്കിന്റെ വെനീസിൽ എത്തി നിൽക്കുന്നു.

പ്രളയം താണ്ഡവമാടിയതിന്റെ അങ്കലാപ്പൊന്നും ഇവിടാർക്കുമില്ല. കാരണം ഇത് കലയാണ്. കലാകരൻമാരാണ്. അവർ പ്രതിസന്ധികളെ അതിജീവിച്ചു കാണിക്കുന്നവരാണ്. പച്ചപ്പിന്റെ നാട്ടിൽ പ്രളയ വേദനകൾ മറന്ന് ആഘോഷോൽസവത്തിന്റെ ദിനങ്ങളാണിനി.

https://youtu.be/rlbLgRDNQnE