തോന്നുന്നത് പോലെ ചെയ്യാനല്ല സുപ്രീംകോടതി പറഞ്ഞത് ; കെ റെയിലില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിയുടെ കല്ലിടലില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സാമൂഹികാഘാത പഠനം നടത്തുന്നതിന് സിമന്‍റിട്ട് കല്ലുകള്‍ ഉറപ്പിക്കുന്നതെന്തിനെന്ന് കോടതപി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് ശേഷം കല്ലുകൾ മാറ്റുമോ?  ഭൂമി ഏറ്റെടുക്കാൻ കുറെ സമയമെടുക്കും അതുവരെ കല്ലുകൾ അവിടെ കിടക്കുമോ? തോന്നുന്നത് പോലെ ചെയ്യാനല്ല സുപ്രിം കോടതി പറഞ്ഞതെന്നും കോടതി വ്യക്തമാക്കി.

കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുയരുന്ന സാഹചര്യത്തില്‍ അതില്‍ വ്യക്തത വരുത്തണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിലപാടെടുത്തത്. കെറെയിലിന് വേണ്ടി സ്ഥാപിക്കുന്ന കല്ല് സ്ഥിരമാണോ, നോട്ടീസ് ഇല്ലാതെ ജനങ്ങളുടെ സ്വത്തില്‍ പ്രവേശിക്കുന്നത് എങ്ങനെ? ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ സര്‍ക്കാരിന് ഇനി ഹരജി പരിഗണിക്കുന്ന ഏപ്രില്‍ ആറിന് അറിയിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

എന്നാല്‍ ഹർജിക്ക് പുറത്തുള്ള കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം സര്‍ക്കാരിന്‍റെ താല്‍പര്യവും കോടതി കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

കേരളത്തില്‍ സില്‍വര്‍ ലൈന്‍ അനുകൂലിക്കുന്നവര്‍ മറ്റിടങ്ങളിലെ സമാനമായ പദ്ധതികളെ എതിര്‍ക്കുകയാണ്. സില്‍വര്‍ ലൈനിലെ സുപ്രിം കോടതി ഉത്തരവ് രാജ്യത്തെ എല്ലാ പദ്ധതികള്‍ക്കും ബാധകമാണ്. കോടതി വന്‍കിട പദ്ധതികള്‍ക്ക് എതിരാണെന്ന പ്രതീതി സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് ശരിയല്ല. സാമൂഹികാഘാത പഠനത്തിനായി ഇത്രയും വലിയ കല്ലുകള്‍ സ്ഥാപിക്കുന്നത് എന്തിനാണ്. കല്ലുകളിടുന്ന ഭൂമി ബാങ്കിൽ ഈ പണയം വെക്കാമോ എന്ന് പറയണം. എല്ലാവര്‍ക്കും സംശയമുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.

 

Comments (0)
Add Comment