രാജ്യം അതീവ ജാഗ്രതയിൽ. ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ നടക്കുന്നു. കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചേരും. കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം താക്കീത് നൽകി.
സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ രംഗത്ത് എത്തി. ഭീകരർക്കുള്ള പിന്തുണ നിർത്താൻ പാക്കിസ്ഥാൻ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങൾ രംഗത്തെത്തി.
ഭീകരതയെ നേരിടാൻ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് യുഎസ് സ്ഥാനപതി അറിയിച്ചു. പൈശാചികമെന്നായിരുന്നു ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ പ്രതികരണം. ഫ്രാൻസ്, ബ്രിട്ടൻ, നേപ്പാൾ, റഷ്യ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കു പിന്തുണയുമായി രംഗത്തെത്തി. ആക്രമണത്തിനു പിന്നാലെ ഡൽഹിയിൽ നിർണായക ചർച്ചകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർ നടത്തി.
അതേസമയം ദേശവിരുദ്ധവും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം താക്കീത് നൽകി. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്‌സ് റെഗുലേഷൻ ആക്ട് ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ്.
ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതോ, ക്രമസമാധാന പാലനത്തെ ബാധിക്കുന്നതോ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ, രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതോ ആയ വിവരങ്ങൾ ടെലകാസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവായാണ് നിർദ്ദേശങ്ങൾ .