വയനാട് മഴ തുടരുന്നു; രക്ഷാപ്രവര്‍ത്തനം ദുഷ്കരം; ഉരുള്‍പൊട്ടലില്‍ നൂറേക്കറോളം പ്രദേശം ഒലിച്ചുപോയി

Jaihind Webdesk
Friday, August 9, 2019

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. അതേസമയം ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലയിലെ രക്ഷാപ്രവർത്തനം ദുഷ്കരമായി. സുരക്ഷാസേനയും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഒമ്പത് പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യയും ഉയരുകയാണ്. 126 ക്യാമ്പുകളിലായി 16,539 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയിൽ വൻ നാശനഷ്ടമാണുണ്ടായത്.

പുത്തുമലയിലെ ഉരുള്‍പൊട്ടലിനെ തുടർന്ന് 40 ഓളം വീടുകൾ മണ്ണിനടിയിലായി. ഉരുൾപൊട്ടലിനെ തുടർന്ന് നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. ഇവിടെ ഒമ്പതോളം പേരെ കാണാനില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ആറു പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ 6 മുറികളുള്ള ഒരു പാടി പൂർണമായും ഒലിച്ചു പോയി. ഇവിടെയുണ്ടായിരുന്ന നാല് പേരെ കാണാതായി. എസ്റ്റേറ്റിലെ ഒരു ജീവനക്കാരനെയും ഉരുള്‍പൊട്ടലിന് പിന്നാലെ കാണാതായിട്ടുണ്ട്. കാറില്‍ സഞ്ചരിച്ച രണ്ടുപേരെയും കാണാതായിട്ടുണ്ട്. ഇവര്‍ വെള്ളപ്പാച്ചിലില്‍പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.

പുത്തുമല ജുമാ മസ്ജിദ് പൂർണമായും തകർന്നു. അപകടസമയത്ത് പള്ളിക്കുള്ളില്‍ ആളില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എത്രപേര്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടെന്നുള്ളത് സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദുരന്തനിവാരണസേന ഇവിടെ തെരച്ചില്‍ തുടരുകയാണ്.