സംസ്ഥാനത്ത് കനത്ത പോളിംഗ്, 77 ശതമാനം പിന്നിട്ടു; വയനാട്ടില്‍ റെക്കോര്‍ഡ് പോളിംഗ്; വോട്ടിംഗ് തുടരുന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. രാത്രി 10 മണി വരെ 77.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 20 ലോക്സഭാ മണ്ഡലങ്ങളിലേയും പോളിംഗ് ശതമാനം 70 പിന്നിട്ടു. ആറ് മണിക്ക് വോട്ടിംഗിനുള്ള സമയം അവസാനിച്ചപ്പോഴും വോട്ട് ചെയ്യാനായി ആള്‍ക്കാരുടെ തിരക്ക് മിക്ക സ്ഥലങ്ങളിലും തുടരുകയാണ്. ക്യൂ നിന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് ഇപ്പോഴും തുടരുന്നതിനാല്‍ കൃത്യമായ പോളിംഗ് ശതമാനം സംബന്ധിച്ച വിവരം ലഭ്യമാകുന്നത് വൈകും.

നിലവില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് (82.26 ശതമാനം) രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 80.01 ശതമാനം പോളിംഗ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തിനേതിനെക്കാള്‍ എട്ട് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയില്‍ വോട്ടിംഗ് ശതമാനം 74 ശതമാനം പിന്നിട്ടു.

2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ 74.02 ശതമാനമായിരുന്നു പോളിംഗ്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ രാത്രി 8 മണിക്ക് ശേഷവും നിരവധി ബൂത്തുകളില്‍ പോളിംഗ് തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ 17-ാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് ആവും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നത് വ്യക്തമാണ്.

kerala polls
Comments (0)
Add Comment