ചൂട് കൂടുന്നു; അതീവജാഗ്രതാ നിര്‍ദേശം, അടിയന്തര യോഗം ചേര്‍ന്നു

Jaihind Webdesk
Wednesday, March 27, 2019

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര യോഗം തിരുവന്തപുരത്ത് ചേർന്നു. സൂര്യാഘാതത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ചയായി. മാനദണ്ഡങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട്ട വകപ്പുകൾക്ക് നിർദ്ദേശം നൽകി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി.പകർച്ചവ്യാധികളുടെ പ്രതിരോധം, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പരിശോധിക്കൽ, കുടിവെള്ള ലഭ്യത ഉറപ്പാക്കൽ തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ.

സംസ്ഥാനത്ത്​ ചൂടും വരൾച്ചയും വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ​അടിയന്തര യോഗം വിളിച്ചു ചേർത്തത്. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ മ​ന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും പ​ങ്കെടുത്തു. വരൾച്ച പ്രതിരോധിക്കാനുള്ള നടപടികളും കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികള്‍ക്കും യോഗത്തിൽ രൂപം നൽകി. ഇതുസംബന്ധിച്ച് വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൂര്യതാപമേറ്റ്​ മരിച്ചവരുടെ കുടുംബത്തിന്​ അടിയന്തര ധനസഹായം നൽകുന്നത്​ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. അടുത്ത ദിവസങ്ങളിലായി നാലുപേരാണ്​ സംസ്ഥാനത്ത്​ സൂര്യതാപമേറ്റ്​ മരിച്ചത്​. നിരവധി പേർക്ക്​ പൊള്ളലേൽക്കുകയും ചെയ്​തിരുന്നു. ഇതോടൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമായിരുന്നു. തുടർന്നാണ് അടിയന്തര യോഗം ചേർന്നത്.

12 മണിക്ക് ശേഷം പുറത്ത് തൊഴിലെടുക്കരുതെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അപൂർവം ചിലയിടങ്ങളിൽ ഇപ്പോഴുമത് തുടരുന്നുണ്ട്. അവർ കർശനമായി ജോലിസമയം പുനഃക്രമീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ നിരവധി പേർക്ക് സൂര്യതാപം മൂലമുള്ള പ്രശ്നങ്ങളുണ്ടായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും അവരിലൂടെ മെഡിക്കൽ ഓഫീസർമാർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൂട് കൂടുന്നതനുസരിച്ച് വിവിധതരം പകർച്ചവ്യാധികൾ പകരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് 32 പേര്‍ക്ക് സൂര്യതാപവും ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു. കൊല്ലത്ത് 19 പേ‍ർക്കും പാലക്കാട് 7 പേര്‍ക്കും കണ്ണൂരിൽ മൂന്നുപേര്‍ക്കും കായംകുളം, പുനലൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു മാണ് ഇന്ന് സൂര്യതാപമേറ്റത്. തിരുവനന്തപുരം പുത്തൻതോപ്പിൽ ഒരാൾക്ക് സൂര്യാഘാതവുമേറ്റു . അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും പാലക്കാട് ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.