സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദ്ദേശം

Jaihind Webdesk
Friday, March 29, 2019


സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്നും നാളെയും അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നുഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അനുമാനങ്ങളിൽ കേരളത്തിൽ ഉയർന്ന താപസൂചിക അടുത്ത ദിവസങ്ങളിലും കാണിക്കുന്നതിൻറെയും കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് ഇൻഡെക്സ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട് ചെയ്യുന്നതിൻറെയും സാഹചര്യത്തിൽ മാർച്ച് 30 വരെ അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചു. ഈ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങൾ മുൻകരുതലെടുക്കണം. രാവിലെ 11 മുതൽ വൈകുന്നരം മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതണം. പരമാവധി ശുദ്ധജലം കുടിക്കുകയും മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുകയും വേണം. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ താപസൂചികപ്രകാരം തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽനിന്ന് ഉയർന്നനിലയിൽ തുടരാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

teevandi enkile ennodu para