പശ വെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്?; വടിയെടുത്ത് ഹൈക്കോടതി

Thursday, July 7, 2022

കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പിനും നേരെയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്നുവെന്നും പശവെച്ച്‌ ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചതെന്നും കോടതി പരിഹസിച്ചു. റോഡ് തകര്‍ന്നതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എന്‍ജിനീയര്‍മാര്‍ക്കെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. വിഷയത്തില്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ ലംഘിക്കപ്പെട്ടു. നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ മറുപടി പറയണമെന്നും കോടതി പറഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.