മാധ്യമപ്രവര്‍ത്തകരെ തടയരുതെന്ന് ഹൈക്കോടതി; രഹ്‌ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jaihind Webdesk
Friday, November 16, 2018

ശബരിമലയിൽ യഥാർഥ ഭക്തരെയും മാധ്യമ പ്രവർത്തകരെയും തടയരുതെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അതേസമയം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ശബരിമലയിലെ സർക്കാർ നടപടികൾ സുതാര്യമാണെങ്കിൽ എന്തിന് മാധ്യമങ്ങളെ തടയുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ ഇന്നലെ മുതൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായുള്ള ചില ക്രമീകരണങ്ങൾ മാത്രമാണ് ഒരുക്കിയിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു. തുടർന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി.

അതേസമയം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പത്തനംതിട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളിൽ അയ്യപ്പ വേഷത്തിൽ രഹ്ന ഫാത്തിമ നൽകിയ ചിത്രങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു പരാതി. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ രഹ്ന ഫാത്തിമ ശബരിമലയിൽ ദർശനം നടത്താൻ തുനിഞ്ഞത് വൻ പ്രതിഷേധത്തിനും സംഘർഷത്തിനും ഇടയാക്കിയിരുന്നു. എന്നാൽ താൻ വിശ്വാസിയാണെന്നും ശബരിമലയിൽ പോവുക തന്‍റെ അവകാശമാണെന്നും രഹ്ന ഫാത്തിമ വാദിച്ചു.

പ്രോസിക്യൂഷൻ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. ശബരിമലയിൽ സ്ഥിതിഗതികൾ വഷളാകാൻ രഹ്ന ഫാത്തിമയുടെ നടപടികൾ ഇടയാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഇതേതുടർന്ന് മുൻ കൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പോലീസിന് നടപടികളുമായി മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി. സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു രഹ്ന ഫാത്തിമയുടെ പ്രതികരണം.