ഇന്ത്യാ വിമാന സര്‍വീസിന് കാത്തിരിക്കണം​ :​ ബക്രീദിന് ശേഷം യുഎഇ അപ്പ്‌ഡേറ്റിന് സാധ്യത ​;​ തുടര്‍ച്ചയായ തിയതി മാറ്റങ്ങള്‍ക്ക് തല്‍ക്കാലം വിട​ ;​ നയം വ്യക്തമാക്കി ജനറല്‍ സിവില്‍ ഏവിയേഷന്‍

ദുബായ് ​: ​ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് തുടരുമെന്ന് യു.എ.ഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോററ്റി നയം വ്യക്തമാക്കിയതോടെ, വിമാന യാത്രയ്ക്ക് ഇനിയും കാത്തിരിക്കണമെന്ന് സൂചന. അതേസമയം, വിമാനക്കമ്പനികള്‍ ഇടയ്ക്കിടെ തിയതി മാറ്റി മാറ്റി പറയുന്ന അവസ്ഥ ഇതോടെ താല്‍ക്കാലം ഇല്ലാതാകും. അതേസമയം ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ക്ക് ശേഷം ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയ്‌ക്കൊപ്പം കാത്തിരുന്ന് 16 രാജ്യക്കാര്‍

ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് യു.എ.ഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോററ്റി കഴിഞ്ഞദിവസം അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് ഇതോടെ വീണ്ടും തുടരാനും തീരുമാനമായി. ജൂലൈ 25 വരെ സര്‍വീസില്ലെന്ന് ദുബായിയുടെ എമിറേറ്റ്‌സും 31 വരെ സര്‍വീസില്ലെന്ന് അബുദാബിയുടെ ഇത്തിഹാദും അറിയിച്ചതിന് പിന്നാലെയാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സ്ഥിരീകരണം. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ വിലക്ക് ബാധകമാണ്. ഈ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്കായിരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വീണ്ടും കൂടുതല്‍ വ്യക്തമാക്കിയാണ് പുതിയ സര്‍ക്കുലര്‍.

ഇന്ത്യയിലെ കൊവിഡ് നീരീക്ഷിച്ച് യുഎഇ

ഇന്ത്യ ഉള്‍പ്പടെയുള്ള ഈ രാജ്യങ്ങളിലെ കോവിഡ് വ്യാപനവും പ്രത്യാഘാതവും യു.എ.ഇ ഗവര്‍മെന്റ് നിരീക്ഷിച്ച് വരുകയാണ്. ഇതിന് അനുസരിച്ചണ് ഇനിയുള്ള തീരുമാനമെന്നും അറിയുന്നു. നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വീസ, നിക്ഷേപ വീസ എന്നിവ ഉള്ളവര്‍ക്ക് യു.എ.ഇയില്‍ വരുന്നതിന് തടസമില്ല.

ഖത്തര്‍ വഴി യുഎഇയിലേക്ക് പറക്കാന്‍

ഖത്തര്‍ ഓണ്‍ അറൈവല്‍ വീസ അനുവദിച്ചതോടെ, ഇനി ഖത്തര്‍ വഴി യുഎഇയിലേക്ക് മടങ്ങിയെത്താമെന്ന് നാട്ടില്‍ കുടുങ്ങി പോയവര്‍ ചിന്തിക്കുന്നു. ഗള്‍ഫിന് പുറത്തുള്ള മറ്റു രാജ്യങ്ങള്‍ പോയി വരുന്നത് പോലെയുള്ള, വലിയ സാമ്പത്തിക ഭാരം ഇല്ലാതെ ഖത്തര്‍ വഴി യുഎഇിലേക്ക് മടങ്ങിയെത്താം എന്നതും ഇപ്രകാരം ചിന്തിക്കുന്നവരുടെ എണ്ണം കൂട്ടുന്നു. അതേസമയം, ഈദ് അവധിക്ക് ശേഷം ജൂലൈ അവസാനോ ഓഗസ്റ്റിലോ ആദ്യവാരമോ ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരക്കാര്‍.

Comments (0)
Add Comment