അഴിമതി ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍, തെറ്റെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റാം; വെല്ലുവിളിച്ച് ഡി.കെ

യദ്യൂരപ്പ സർക്കാർ കൊവിഡിന്‍റെ മറവിൽ അഴിമതി നടത്തുന്നു എന്ന ആരോപണത്തിൽ ഉറച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ.  കൊവിഡ് പ്രതിരോധത്തിന്‍റെ മറവിൽ 2000 കോടിയുടെ അഴിമതിയാണ് സർക്കാർ നടത്തിയിട്ടുള്ളത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം നേരിടാൻ സർക്കാർ ഒരുക്കമാണെങ്കിൽ അഴിമതിയുടെ എല്ലാ രേഖകളും ഹാജരാക്കാൻ കോൺഗ്രസ് ഒരുക്കമാണ്. ഈ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ തനിക്കെതിരെ കേസെടുക്കാവുന്നതാണെന്നും തൂക്കിലേറ്റാൻ വിധിക്കണമെന്നും ശിവകുമാർ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന്‍റെ മറവില്‍ 2000 കോടിയുടെ അഴിമതിയാണ് കർണാടക സർക്കാർ നടത്തിയതെന്നും  ഇത് വെറുതെ ആരോപണം ഉന്നയിച്ചതല്ല മറിച്ച് കൃത്യമായ തെളിവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് തന്‍റെ ആരോപണം എന്നും ഡി.കെ ശിവകുമാർ പറഞ്ഞു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.   സമിതിക്ക് തന്‍റെ പക്കലുള്ള എല്ലാ തെളിവുകളും കൈമാറാൻ തയ്യാറാണ് എന്ന് ശിവകുമാർ വ്യക്തമാക്കി.

കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ വെന്‍റിലേറ്ററുകള്‍, പി.പി.ഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയവയുടെ വില കൂട്ടിക്കാണിച്ച് 2000 കോടി രൂപയുടെ അഴിമതി സര്‍ക്കാര്‍ നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കൂടിയ വിലയ്ക്കാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

dk shivakumar
Comments (0)
Add Comment