വിലക്കയറ്റം തടയും, സൗജന്യ ചികിത്സയും വൈദ്യുതിയും; ഗുജറാത്തില്‍ ജനകീയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക

 

അഹമ്മദാബാദ്/ഗുജറാത്ത്: കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമായി ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക. വിലക്കയറ്റം തടയുമെന്നതാണ് ഗുജറാത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസിന്‍റെ പ്രധാന വാഗ്ദാനം. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും. 3 ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും.

അധികാരത്തിലെത്തിയാല്‍ മൊട്ടേരയിലെ സ്റ്റേഡിയത്തിന്‍റെ പേര് പഴയപടിയാക്കും എന്നുള്ളതാണ് മറ്റൊരു പ്രധാന വാഗ്ദാനം. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം പുതുക്കി പണിതപ്പോള്‍ അതിന് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് നാമകരണം നടത്തിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അതേസമയം തെരഞ്ഞെടുപ്പിനുള്ള ഏഴ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാം പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 96 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.

Comments (0)
Add Comment