ഡി.കെ.ശിവകുമാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി കര്‍ണാടക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജയില്‍ മോചനം ആഘോഷമാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് കോണ്‍ഗ്രസ് നേതാവിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത്. രണ്ടായിരത്തിലധികം പ്രവര്‍ത്തകരാണ് ശിവകുമാറിനെ സ്വീകരിക്കാന്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

റോഡിന് ഇരുവശത്തും ബാനറുകളും ഫല്‍ക്സുകളും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച റാലി സദാഹള്ളി ഗേറ്റ് വരെ നീണ്ടു. 125കിലോ ആപ്പിള്‍ ഉപയോഗിച്ച് തയ്യാറാക്കിയ മാലയും പ്രവര്‍ത്തകര്‍ ശിവകുമാറിനായി ഒരുക്കി. പ്രവര്‍ത്തകരുടെ ബാഹുല്യം കാരണം നഗരത്തില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, കനകപുരയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും ശിവകുമാറിനെ സ്വീകരിക്കാനായി എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് തുറന്ന കാറിലാണ് അദ്ദേഹത്തെ സംസ്ഥാന സമിതി ഓഫിസിലേക്ക് എത്തിച്ചത്.
കഴിഞ്ഞമാസമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നാലാഴ്ചയോളം അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിഞ്ഞു. ഒക്ടോബര്‍ 23നാണ് ശിവകുമാറിന് ജാമ്യം ലഭിച്ചത്.

വിമാനത്താവളത്തില്‍ നിന്നു നേരെ കെ.പി.സി.സി ആസ്ഥാനത്തെത്തിയ ശിവകുമാര്‍, തുടര്‍ന്നു തന്റെ ശക്തികേന്ദ്രങ്ങളായ മൈസൂരു, രാമനഗര, മാണ്ഡ്യ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ജാമ്യം ലഭിച്ച് തീഹാര്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനും അധ്യക്ഷ സോണിയ ഗാന്ധിക്കും ശിവകുമാര്‍ നന്ദി പറഞ്ഞിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ഡല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ശിവകുമാറിനെ തീഹാര്‍ ജയിലിലെത്തി സോണിയാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഡി.കെയെ മാത്രമല്ല കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെയും കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സോണിയ പറഞ്ഞിരുന്നു.

Comments (0)
Add Comment