നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി: കെ. സുധാകരന്‍ എംപി

Jaihind Webdesk
Friday, July 26, 2024

 

 

കണ്ണൂര്‍: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ അന്വേഷണം നടത്തണം. മന്ത്രിസഭയിലെ ഉന്നതരെ കേന്ദ്രീകരിച്ച് ഉയരുന്ന ആരോപണങ്ങളെല്ലാം ഒതുക്കി തീര്‍ത്ത് ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പെന്നും കെ. സുധാകരന്‍ എംപി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു കൊണ്ട് ക്ലീന്‍ ചീറ്റ് നല്‍കിയതും അതിന്‍റെ ഭാഗമാണ്. ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നിട്ടില്ല.  പിഎസ്‌സി അംഗത്വം കിട്ടാന്‍ മന്ത്രിയുടെയും എംഎല്‍എയുടെയും പേരുപറഞ്ഞ്  കോഴ വാങ്ങി പിടിക്കപ്പെട്ടപ്പോള്‍ പണം തിരിച്ചുനല്‍കി കേസ് ഒതുക്കിത്തീര്‍ത്തവരാണ് സിപിഎമ്മുകാരെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

അഭ്യസ്തവിദ്യരായ നിരവധി യുവജനങ്ങള്‍ തൊഴിലില്ലാതെ തെരുവില്‍ അലയുമ്പോഴാണ് കോടികള്‍ കോഴ വാങ്ങി ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങള്‍ സിപിഎം നടത്തുന്നത്. അഴിമതി നടത്താന്‍ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍  അവര്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ വ്യാപൃതരായി ഇരിക്കുകയാണ് ആഭ്യന്തരവകുപ്പെന്നും അതിനായി പിണറായി സര്‍ക്കാര്‍ മികച്ച ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.