വിഴിഞ്ഞത്ത് സർക്കാർ പ്രകോപനം അവസാനിപ്പിക്കണം: കെ സുധാകരൻ എംപി

Jaihind Webdesk
Monday, November 28, 2022

തിരുവനന്തപുരം: വിഴി‍ഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തെ ഏതുവിധേനയും കൈകാര്യം ചെയ്ത് അടിച്ചമർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെങ്കിൽ കോൺഗ്രസ് അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. പ്രതിഷേധം വഷളാക്കിയത് സർക്കാരിന്‍റെ നിലപാടാണ്. പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണാൻ സർക്കാർ തയാറായില്ല. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികർക്കെതിരെ പ്രതിചേർത്ത് കേസെടുത്ത് പ്രതികാരനടപടി സ്വീകരിച്ച ആഭ്യന്തരവകുപ്പ് മത്സ്യത്തൊഴിലാളികളോടും ലത്തീൻ സഭാവിശ്വാസികളോടും പരസ്യമായ യുദ്ധപ്രഖ്യാപനമാണ് നടത്തിയത്. വൈദികർക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണം. അദാനിക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുകയാണ്. സമരക്കാരിൽ നിന്നും 200 കോടിരൂപ നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കം അതിന്‍റെ ഭാഗമാണ്. അത് നടപ്പാക്കാമെന്നത് സർക്കാരിന്‍റെ ദിവാസ്വപ്നമാണെന്നും കെ സുധാകരൻ എംപി പറഞ്ഞു.

പീഡിത ജനവിഭാഗങ്ങൾക്കൊപ്പം നിന്ന പാരമ്പര്യമാണ് കോൺഗ്രസിന്‍റെത്. തീരശോഷണം ഉൾപ്പെടെയുള്ള അതിജീവന പ്രശ്‌നങ്ങളിലെ ആശങ്കകൾ ഉയർത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങൾ നടത്തുന്ന സമരത്തെ വർഗീയവത്കരിച്ച് അധിക്ഷേപിക്കുന്ന നിലപാടാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. സർക്കാർ സ്പോൺസർ ചെയ്ത ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് വിഴിഞ്ഞത്ത് സംഘർഷമുണ്ടായതെന്ന ആക്ഷേപം നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധം സംഘർഷത്തിലേക്ക് കലാശിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം ന്യായമാണ്. കോൺഗ്രസും ഇതേ ആവശ്യത്തെ പിന്തുണയ്ക്കുന്നു. വിഴിഞ്ഞം സമരം അട്ടിമറിക്കാൻ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ബോധപൂർവ്വമായി ശ്രമിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി ജനകീയ സമരങ്ങളെ വർഗീയകലാപങ്ങളായി ചിത്രീകരിക്കുകയാണ് ഇരുവരും.മന്ത്രിമാർ അത് ഏറ്റുപറയുകയാണ്. ഇത് ഗൗരവമായി തന്നെ കാണണമെന്നും ജുഡീഷ്യൽ അന്വേഷണ പരിധിയിൽ ഇക്കാര്യങ്ങൾക്കൂടി ഉൾപ്പെടുത്തണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതി നടത്തിപ്പിന് പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണം. ഉപജീവനമാർഗവും വരുമാനവും നഷ്ടപ്പെട്ട അവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നത് ഉചിതമല്ല. ഉപജീവനമാർഗം നഷ്ടമായതിന്‍റെ ആശങ്കയിലാണ് അവർ. മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി തീരശോഷണം സംബന്ധിച്ച പഠനം എത്രയും വേഗം നടത്തണം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഭവനരഹിതരായവരെ എത്രയും വേഗം പുനരധിവസിപ്പിക്കുകയും തുറമുഖ നിർമ്മാണം നിരീക്ഷിക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഏർപ്പെടുത്തുകയും വേണം. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 475 കോടിയുടെ പാക്കേജ് നടപ്പാക്കുന്നതിലെ അലംഭാവം എൽഡിഎഫ് സർക്കാർ ഉപേക്ഷിക്കണം. സർക്കാർ പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുകയാണ്. വിഴിഞ്ഞം സമരം അട്ടിമറിക്കാൻ പോലീസും സർക്കാരും ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപം സമരസമിതി നേരത്തെ ആരോപിച്ചതാണ്. കഴിഞ്ഞ ദിവസം സമരക്കാർക്കെതിരെ പോലീസിന്‍റെ ഭാഗത്ത് നിന്നും കല്ലേറുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതെല്ലാം പരിശോധിക്കണം. തലസ്ഥാന നഗരി മണിക്കൂറുകൾ സംഘർഷഭരിതമായിട്ടും അതിലിടപ്പെട്ട് പ്രശ്നം പരിഹരിക്കാൻ തയാറാകാതിരുന്ന ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി കുറ്റകരമായ മൗനമാണ് തുടർന്നതെന്നും കെ സുധാകരൻ എംപി പറഞ്ഞു.