യുക്രെയ്നില്‍നിന്നു മടങ്ങിയവര്‍ക്ക് കേരളത്തില്‍ പഠനസൗകര്യ ഏര്‍പ്പെടുത്തണം : ഉമ്മന്‍ ചാണ്ടി

യുക്രെയ്നിയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ തുടര്‍ പഠനം തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ തുടര്‍ പഠനത്തിന് സൗകര്യം ഉറപ്പാക്കണമെന്നും അതിന് സാങ്കേതികമായ നടപടിക്രമങ്ങള്‍ തടസ്സമാകാന്‍ പാടില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

യുക്രെയ്നില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണ്ണാടക സര്‍വകലാശാലകള്‍ അവിടെ പഠന സൗകര്യം ഒരുക്കിയത് കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണ്. യുക്രൈനില്‍ പഠിക്കാന്‍ എടുത്ത വിദ്യാഭ്യാസ വായ്പ പഠനം മുടങ്ങിയതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കുവാന്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നടപടി സ്വീകരിക്കണം. വായ്പകള്‍ എഴുതിത്തള്ളുകയോ തിരിച്ചടവിന്‍റെ ബാധ്യത ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയോ ചെയ്യണം. വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയി ജീവനുംകൊണ്ട് തിരികെയെത്തിയ വിദ്യാര്‍ത്ഥികളോട് അത്രയെങ്കിലും പരിഗണന നല്‌കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാന്‍ ഇടയുള്ളതിനാല്‍ അതിന് കേന്ദ്രസഹായം തേടണം. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിക്കണം. ആവശ്യമെങ്കില്‍ സര്‍വ്വകക്ഷി നിവേദക സംഘവും ഡല്‍ഹിക്കു പോകണമെന്ന് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.

വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം വിപുലപ്പെടുത്തുവാനായി യു.ഡി.എഫ്. ഗവണ്‍മെന്റ് കാലത്ത് അനുവദിച്ചതും നിര്‍മ്മാണം നടക്കുന്നതുമായ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം രണ്ടാമത്തെ മെഡിക്കല്‍ കോളേജ്, വയനാട് മെഡിക്കല്‍ കോളേജ് എന്നിവ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും. 2011-ല്‍ ഉണ്ടായിരുന്ന 5 ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന്‍റ് സ്ഥാനത്ത് 15 ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ വന്നാല്‍ അത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പുരോഗതി ആയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment