സംസ്ഥാനത്ത് മാധ്യമ വിലക്ക്…?

Jaihind Webdesk
Friday, November 30, 2018

Media-ban

സെക്രട്ടേറിയറ്റിനകത്തും പുറത്തും മറ്റ് പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റു പ്രശസ്ത വ്യക്തികൾ എന്നിവരുമായി മാധ്യമപ്രവർത്തകർ ഇടപെടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.  ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്.

ഇത് പ്രകാരം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതികരണം നിർബന്ധപൂർവം എടുക്കുന്നതിന് വിലക്കുണ്ട്. വിശിഷ്ടവ്യക്തികൾ മാധ്യമങ്ങളുമായി സംവദിക്കണോയെന്ന കാര്യത്തിലും ചില വിലക്കുകളുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാത്രമേ മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭ്യമാകൂ. അത് തന്നെയും പബ്ലിക് റിലേഷൻസ് വകുപ്പൊരുക്കുന്ന സ്ഥലങ്ങളിൽ മാത്രം.

പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കൽ, മാധ്യമപ്രവേശനം, ഫോട്ടോ/വീഡിയോ സെഷനുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. സർക്കാർ വകുപ്പുകളും മന്ത്രിമാരും പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന മാത്രമേ മാധ്യമങ്ങളോട് സംവദിക്കാനാകൂ എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, സർക്കാർ ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ സ്ഥിരം മാധ്യമകേന്ദ്രങ്ങൾ തുടങ്ങണം. ജില്ലാ തലങ്ങളിൽ വിവിധ വകുപ്പുകൾ പത്രമോഫീസുകളിൽ നേരിട്ട് വാർത്ത നൽകുന്നതും വിലക്കി.

മന്ത്രിസഭ സമ്മേളനം, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നിവയ്ക്ക് നിലവിലെ രീതി തുടരുമെങ്കിലും അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് മാത്രമാകും ഇവിടെ പ്രവേശനം. അറിയിപ്പുകൾ സമയബന്ധിതമായി നൽകാൻ ആപ്പ് തയ്യാറാക്കാന്‍ പി.ആർ.ഡി.ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ ഇപ്രകാരമാണ്.

പി.ആർ.ഡി.യിലെ വിവിധ വകുപ്പുകളിലേക്ക്‌ പ്രവേശിക്കുന്നതിന് അക്രഡിറ്റേഷനോ പ്രവേശന പാസോ നിർബന്ധമാണ്. മറ്റു മാധ്യമപ്രവർത്തകർക്ക് സെക്രട്ടേറിയറ്റിലെ സന്ദർശന സമയത്ത് മാത്രമാകും പ്രവേശിക്കാം.

ദർബാർ ഹാൾ, സൗത്ത് കോൺഫറൻസ് ഹാൾ അനക്‌സ് എന്നിവിടങ്ങളിലെ പ്രവേശനത്തിന്‍റെ മേൽനോട്ടം പി.ആർ.ഡി. പ്രസ് റിലീസ് വിഭാഗത്തിനായിരിക്കും. ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ്, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മാധ്യമ ഏകോപനവും  ഇനി പി.ആർ.ഡി. പ്രസ് റിലീസ് വിഭാഗം മുഖേന മാത്രം.

പൊതുവേദികൾ, സർക്കാർ-സർക്കാരിതര സ്ഥാപന കവാടം, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രശസ്ത വ്യക്തികൾ തുടങ്ങിയവർ മാധ്യമങ്ങളുമായി സംവദിക്കുന്നുണ്ടോ എന്നത് പി.ആർ.ഡി.യെ മുൻകൂട്ടി അറിയിക്കണം. വേണമെങ്കിൽ പി.ആർ.ഡി. വകുപ്പ് അതിന് ഇവിടങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കണം.

ജില്ലാതലത്തിൽ വകുപ്പുതല പരിപാടികളുടെ വാർത്ത നൽകൽ, മാധ്യമങ്ങളെ ക്ഷണിക്കൽ എന്നിവ ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി മാത്രമാക്കി. വകുപ്പിൽനിന്നുള്ള പത്രക്കുറിപ്പുകൾ ജില്ലാമേധാവി ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് നൽകണം. ഇക്കാര്യം ഉറപ്പുവരുത്താൻ കളക്ടർമാർക്ക് നിർദേശം നൽകണം.