തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന സർക്കാർ നിലപാട് നയപ്രഖ്യാപന പ്രസംഗത്തിൽ അതേപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചതോടെ ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുകയാണ്. പരസ്പര സഹായ സംഘങ്ങളായി മുഖ്യമന്ത്രിയും ഗവർണറും മാറുകയാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ അന്തർധാരകൾ കൂടുതൽ വ്യക്തമാവുകയാണ്. ഒപ്പം ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ഗവർണർക്ക്
വേണ്ടി ഭരണപക്ഷത്തിന്റെ ഉപകാരസ്മരണ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
വിയോജിപ്പ് ഉണ്ടെങ്കിലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഉള്ള നയപ്രഖ്യാപനത്തിലെ ഖണ്ഡിക വായിക്കുന്നു എന്നാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്. മുഖ്യമന്ത്രിക്ക് വേണ്ടി താൻ ഈ ഭാഗം വായിക്കുന്നു എന്നാണ് ഗവർണർ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം പാസാക്കിയ നിയമസഭാ നടപടിയേയും നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടിയേയും പരസ്യമായി എതിർത്ത ഗവർണർ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി വായിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നത്. ഇതിന് ഉത്തരം ലഭിച്ചിരിക്കുന്നു. പൗരത്വ നിയമത്തിലെ വിവാദങ്ങൾ ഒന്നും തന്നെ ഗവർണറെയോ സർക്കാരിനെയോ ബാധിച്ചില്ലെന്ന് വ്യക്തം.
വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർമാർ വായിക്കാതെ വിടുന്നത് പതിവാണെങ്കിലും മുൻകൂട്ടി അറിയിക്കാറില്ല. സർക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവർണർ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്. നിയമത്തെ വിമർശിക്കുന്നതിലുള്ള വിയോജിപ്പ് നിലനിൽക്കുമെന്നും ഗവർണർ. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് നിലപാട് മാറ്റിയതെന്നു ഗവർണർ ആവർത്തിച്ചു. പക്ഷേ ഇത് നാടകമാണെന്ന ആരോപണമാണ് ഉയരുന്നത്. നിയമസഭയിൽ ഗവർണർക്ക് എതിരെ അസാധാരണമായ രീതിയിൽ പ്രതിരോധം തീർത്ത പ്രതിപക്ഷം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഉള്ള പ്രതിഷേധത്തിൽ ആത്മാർത്ഥത തെളിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരിന് എതിരെ ഗവർണർ കടുത്ത വിമർശനം ഉയർത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചിരുന്നു. ഗവർണറെ വിമർശിക്കാൻ അദ്ദേഹം മടിച്ചു. ഈക്കാര്യം പ്രതിപക്ഷം തുടക്കം മുതൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ തുടർചലനമാണ് സഭയിൽ കണ്ടത്. പൗരത്വ നിയമ ഭേദഗതിയിലെ സർക്കാരിന്റെ പ്രതിഷേധം മറന്ന് പിണറായി വിജയന് ഒപ്പം ഗവർണർ ചേർന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ സംസ്ഥാന സർക്കാർ തയാറായെങ്കിലും ഗവർണറെ വിമർശിച്ചിരുന്നില്ല. ഇതാണ് പ്രതിപക്ഷം പറയുന്ന അന്തർധാര. എസ്.എൻ.സി ലാവലിൻ ഉൾപ്പടെയുള്ള വിഷയങ്ങളും ഇതോടൊപ്പം കൂട്ടി വായിക്കണ്ടേതുണ്ട്. ചുരുക്കത്തിൽ ഗവർണർ സർക്കാർ പോര് നാടകമായിരുന്നോ എന്ന് സംശയവും ഇതോടൊപ്പം ഉയരുന്നു.