PSC തട്ടിപ്പ്: ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ പ്രഹരം; ഇനിയെങ്കിലും അന്വേഷണം സി.ബി.ഐയ്ക്ക് വിടണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ഹൈക്കോടതിയും അതേ സ്വഭാവത്തിലുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇനിയെങ്കിലും അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പി.എസ്.സിയുടെ നിലവിലെ അവസ്ഥ നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന ഹൈക്കോടതി നിരീക്ഷണവും ഗൗരവമേറിയതാണ്. തട്ടിപ്പിന്‍റെ വ്യാപ്തി വലുതായതിനാലാണ് സമീപകാല നിയമനങ്ങളെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതാണ്.

എന്നാല്‍ സ്വതന്ത്ര അന്വേഷണത്തിന് തയാറാവാതെ പി.എസ്.സി തട്ടിപ്പ് മൂടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പി.എസ്.സിയെക്കുറിച്ച് എന്ത് അന്വേഷിക്കണമെന്ന് ചോദിച്ച മുഖ്യമന്ത്രിക്ക് ലഭിച്ച പ്രഹരമാണ് ഹൈക്കോടതി നിര്‍ദ്ദേശം.  ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷാ കേന്ദ്രമാണ് പി.എസ്.സി. അതിന്‍റെ വിശ്വാസ്യത തകര്‍ത്തവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കുമെതിരെ ശക്തമായ നിയമനടപടി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithalapscpinarayi vijayan
Comments (0)
Add Comment