സ്വര്‍ണ്ണക്കടത്ത് കേസ് : മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, July 14, 2020

Mullapaplly-Ramachandran

 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ട് മാത്രം കാര്യമില്ല. മുഖ്യമന്ത്രിയ്ക്ക് ഇതുസംബന്ധിച്ച പലതും പറയാന്‍ കഴിയും. വിപുലമായ ഇന്‍റലിജന്‍സ് സംവിധാനം ഉണ്ടായിട്ടും ഇത്രയും വലിയ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയുടെ വകുപ്പില്‍ കയറിക്കൂടിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് ആരും വിശ്വസിക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രിയെ കൂടി ചോദ്യം ചെയ്യണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്‍ ഐ.ടി സെക്രട്ടറിക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി അടുത്തബന്ധം ഉണ്ടായിരുന്നെന്ന് സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. എന്നിട്ടും തെളിവുകളില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലാവലിന്‍ കേസ് ഉള്‍പ്പെടെ പല നിര്‍ണായക ഇടപാടുകളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ടാണോ ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നാ സുരേഷ് എന്തിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരന്തരം ഫോണില്‍ വിളിച്ചതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

രാഷ്ട്രീയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണമാണ് ആവശ്യം. വിവിധ കരാറുകളിലൂടെ കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. അഴിമതിയുടെ അഴുക്കുചാലില്‍ മുങ്ങിയ സര്‍ക്കാരാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കൊവിഡിനെ മറയാക്കി പ്രതിഷേധങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയേയും ഓഫീസിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരും വരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. അതിന്‍റെ സൂചനയാണ് ഇന്ന് സംസ്ഥാനവ്യാപകമായി ജില്ലാ കളക്ട്രേറ്റുകളിലേക്ക് നടന്ന പ്രതിഷേധ ധര്‍ണയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേർത്തു. പൊലീസിന്‍റെ ഒത്താശയില്ലാതെ പ്രതികള്‍ക്ക് അതിർത്തി കടക്കാനാവില്ല. ഇത് ആഭ്യന്തരവകുപ്പിന് തന്നെ അപമാനമാണ്.  കള്ളക്കടത്തുകാരുടെ അഭയകേന്ദ്രമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനെ തള്ളിപ്പറയാന്‍ എന്തുകൊണ്ട് സി.പി.എം നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.