സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണകപ്പ് കലോത്സവ നഗരിയിലെത്തി

Jaihind News Bureau
Tuesday, November 26, 2019

സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണകപ്പ് കലോത്സവ നഗരിയിലെത്തി. കോഴിക്കോട്ടു നിന്നാണ് കപ്പ് കാസർകോട്ടെത്തിച്ചത്. ജില്ലാ അതിർത്തിയായ കാലിക്കടവിലെ സ്വീകരണ ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഘോഷയാത്രയായാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്.

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ വരവറിയിച്ചാണ് വിജയികൾക്കുള്ള സ്വർണ കപ്പിന്റെ കാസർകോട്ടെക്കുള്ള പ്രയാണം.
ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പ്രൗഢഗംഭീര സ്വീകരണമാണ് നൽകിയത്. കലോത്സവത്തിന് തിരിതെളിയും മുൻപേ മേളയെ ജനങ്ങൾ ഏറ്റെടുത്തതിന്റെ നേർക്കാഴ്ച്ചയായിരുന്നു സ്വർണകപ്പിനുള്ള സ്വീകരണം. ഗ്രേഡിംഗ് സംവിധാനം വരികയും, പ്രതിഭാ-തിലകം പട്ടങ്ങള്‍ എടുത്തുകളയുകയും ചെയ്തിട്ടും സ്വര്‍ണ്ണക്കപ്പ് ഇന്നും നിലനില്‍ക്കുന്നുവെന്നതാണ് കലോത്സവത്തിന്‍റെ പ്രധാന ആകര്‍ഷണം.
1987ല്‍ കോഴിക്കോട് വച്ചു നടന്ന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടത്. സ്വര്‍ണ്ണക്കപ്പ് ഏറ്റവും കൂടുതല്‍ തവണ നേടിയ കോഴിക്കോട് നിന്നു തന്നെയാണ് ഇത്തവണ കപ്പ് കാസർകോട്ടെത്തിയത്.
തുളുനാട്ടിൽ നടക്കുന്ന കലാമേളയിൽ  ആരാണ് സ്വര്‍ണ കപ്പുയര്‍ത്തുക എന്ന ആകാംക്ഷയിലാണ് ഏവരും.