‘ഗണേഷ് ഏകാധിപതിയെപ്പോലെ’; കേരള കോണ്‍ഗ്രസ് ബി പിളർന്നു; സഹോദരി ഉഷ മോഹന്‍ദാസ് ചെയർപേഴ്സണ്‍

 

കൊച്ചി : കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. കെബി ഗണേഷ് കുമാര്‍ എംഎ‍ല്‍എയുടെ സഹോദരിയും ആർ ബാലകൃഷ്ണപിള്ളയുടെ മകളുമായ ഉഷ മോഹന്‍ദാസിനെ പുതിയ വിഭാഗത്തിന്‍റെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. കെബി ഗണേഷ് കുമാർ ഏകാധിപതിയെ പോലെയാണ് പ്രവർത്തിച്ചതാണ് പാർട്ടി പിളരാൻ കാരണമെന്ന് വിമത വിഭാഗം.

പാർട്ടി സീനിയർ വൈസ് ചെയർമാനും മുൻ എംഎൽഎയുമായ എംവി മാണി, വൈസ് ചെയർമാൻ പോൾ ജോസഫ്, ജനറൽ സെക്രട്ടറി നജീം പാലക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം കേരള കോൺഗ്രസ് ബി നേതാക്കൾ കൊച്ചിയിൽ യോഗം ചേർന്ന് പുതിയ പാർട്ടി ചെയർപേഴ്സണെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഉഷ മോഹൻദാസും പങ്കെടുത്തു. പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും ബാലകൃഷ്ണപിള്ളയുടെ മരണത്തിന് ശേഷം പാർട്ടി നശിക്കുന്നത് കണ്ടതുകൊണ്ടാണ് നേതൃത്വത്തിലേക്ക് കടന്നുവന്നതെന്ന് ഉഷ മോഹൻ ദാസ് പറഞ്ഞു.

പാർട്ടിയുടെ 14 ജില്ലാ പ്രസിഡന്‍റുമാരില്‍ 10 പേര്‍ യോഗത്തില്‍ പങ്കെടുത്തുവെന്ന് വിമത വിഭാഗം അവകാശപ്പെട്ടു. ഇനി സിപിഎം നേതൃത്വം കൈകൊള്ളുന്ന തീരുമാനം കെബി ഗണേഷ് കുമാറിന് നിർണായകമാകും. ഉഷ മോഹൻദാസ് പക്ഷം തങ്ങളാണ് യഥാർത്ഥ കേരള കോൺഗ്രസ് ബി എന്ന് കാണിച്ച് ഇടതുമുന്നണി നേതൃത്വത്തിന് കത്ത് നൽകും.

മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ ചെയര്‍മാനായി കെജി പ്രേംജിത്തിനെ നിയമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാരണം. കെബി ഗണേഷ് കുമാര്‍ ഏകപക്ഷീയമായി നടത്തിയ നീക്കമാണ് ഇതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും പറയുന്നു. ഈ സാഹചര്യത്തെ മുതലെടുത്ത് കേരളാ കോണ്‍ഗ്രസ് ബിയില്‍ ഗണേഷിന്‍റെ സഹോദരിയായ ഉഷാ മോഹന്‍ദാസ് ഇടപെടുകയായിരുന്നു. രണ്ടരക്കൊല്ലത്തിന് ശേഷം മന്ത്രിയാക്കാമെന്ന് സിപിഎം ഗണേഷിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ഉറപ്പ് ഇനി എത്രത്തോളം പാലിക്കപ്പെടുമെന്ന് കണ്ടറിയണം.

Comments (0)
Add Comment