ഗാന്ധിജയന്തി; മഹാത്മാവിന്‍റെ സ്മരണയില്‍ രാജ്യം…

Jaihind Webdesk
Tuesday, October 2, 2018

ഇന്ന് ഗാന്ധിജയന്തി. അഹിംസയുടെയും സഹനത്തിന്‍റെയും മാർഗത്തിലൂടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്‍റെ സ്മരണ പുതുക്കുകയാണ് രാജ്യമെങ്ങും.

ഗാന്ധിജിയെന്ന പേര് ഓരോ ഭാരതീയനിലും ഉണർത്തുക അഭിമാനം മാത്രമല്ല, ആത്മസഹനത്തിന്‍റെ പാഠങ്ങൾ കൂടിയാണ്. സ്വന്തം ജീവിതത്തെ സന്ദേശമാക്കി ജീവിച്ച ആ മഹാത്മാവിന്‍റെ ജന്മസ്മരണയാണ് ഗാന്ധിജയന്തിയായി ആഘോഷിക്കുന്നത്. അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിച്ചുകൊണ്ട് ലോകം മുഴുവനും ഇന്ന് ഗാന്ധിജിയെ സ്മരിക്കുന്നു.

കേവലം ഒരു രാജ്യത്ത് മാത്രം ഒതുങ്ങുന്നതല്ല മഹാത്മഗാന്ധി പടുത്തുയർത്തിയ ആദർശ നിഷ്ഠകൾ. ലാളിത്യമാർന്ന ജീവിതത്തിലൂടെയും അക്രമം വെടിഞ്ഞ സമരമാർഗങ്ങളിലൂടെയും ആ മഹാത്മാവ് കൊളുത്തിയ പുതിയ ചിന്തകൾ കാലദേശങ്ങളെ ഭേദിക്കുന്നതായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടുമ്പോഴും ഓരോ ഇന്ത്യക്കാരന്‍റെയും ഉന്നമനം അദ്ദേഹത്തിന്‍റെ ലക്ഷ്യങ്ങളിൽ പ്രധാനമായിരുന്നു.

ഗാന്ധിജി കൊളുത്തിയ ആദർശ ദീപമാണിന്നും രാജ്യത്തിന് വിളക്കാകുന്നത്. എന്നാൽ ഗാന്ധിയൻ ആദർശങ്ങളുടെ ഇന്നത്തെ പ്രസക്തിയെക്കുറിച്ചുകൂടി ഈ അവസരത്തിൽ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പീഡനങ്ങളും കൊലപാതകങ്ങളും രാജ്യത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുമ്പോൾ, അഴിമതിയുടെ കരാള ഹസ്തങ്ങളിൽപെട്ട് ഭരണാധികാരികൾ പോലും കൽത്തുറുങ്കുകളിൽ അടയ്ക്കപ്പെടുമ്പോൾ, പൊലിയുന്നത് ആ ദീപമാണ്. ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ ഉയർത്തിക്കാട്ടാൻ ആ ആശയാദർശങ്ങളെ ഇനിയുമിനിയും മുറുകെപിടിക്കാം.