ഖജനാവില്‍ പണമില്ലെങ്കിലും ധൂര്‍ത്തിന് കുറവില്ല; മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും നാലു ഇന്നോവ ക്രിസ്റ്റ; 1.30 കോടി അനുവദിച്ചു

തിരുവനന്തപുരം: വാഹന കമ്പം തീരുന്നില്ല, ഖജനാവില്‍ പണമില്ലെങ്കിലും ധൂര്‍ത്തിന് കുറവില്ല. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങുന്നതിനായി 1.30 കോടി അനുവദിച്ചു. നാലു ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് പണം അനുവദിച്ചിരിക്കുന്നത്.  മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹിമാന്‍ , ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എന്നിവര്‍ക്കാണ് പുത്തന്‍ ഇന്നോവ ക്രിസ്റ്റ ലഭിക്കുക. നേരത്തെ ഈ മാസം 10ന് പുതിയ വാഹനം വാങ്ങാന്‍ ഭരണാനുമതി നല്‍കിയിരുന്നു. ടൂറിസം വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ത്രിമാര്‍ അവര്‍ ഉപയോഗിച്ചു വരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നല്‍കണം. വാഹനങ്ങള്‍ പഴക്കം ചെന്നതിനാലാണ് പുതിയവ വാങ്ങാന്‍ അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ സമര്‍പ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങള്‍ വാങ്ങാനേ ധനവകുപ്പ് അനുമതി നല്‍കിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുവാദത്തോടെ 10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണം നീട്ടിയിട്ടുണ്ട്.

അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഈ മാസം നാലിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ മന്ത്രി റോഷി അഗസ്റ്റിന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 2021 മെയ് മാസത്തിനുശേഷം 6.5 കോടി രൂപ ചെലവഴിച്ച് 18 പുതിയ കാറുകളാണ് വാങ്ങിയത്.

Comments (0)
Add Comment